medikkal-

തൃശൂർ: മെഡിക്കൽ കോളേജിൽ ആർ.എം.ഒ, ഡെപ്യൂട്ടി സൂപ്രണ്ട് എന്നീ പദവികൾ ഒഴിഞ്ഞതും പല പ്രധാന തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതും പ്രതിസന്ധിക്ക് ഇടയാക്കുന്നു. പല വകുപ്പ് മേധാവികളുടെ സ്ഥാനം വർഷങ്ങളായി ഒഴിഞ്ഞു കിടന്നിട്ടും നികത്താൻ വേണ്ട നടപടിയായിട്ടില്ല. കഴിഞ്ഞ ദിവസം ആർ.എം.ഒ ഡോ. മുരളീധരനും ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷും പദവികൾ രാജിവെച്ചിരുന്നു. ആർഎം.ഒയുടെ ചാർജ് ഡെപ്യൂട്ടി സൂപ്രണ്ട് ആയിരുന്ന ഡോ. രാധികയ്ക്കാണ് നൽകിയിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാണ് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. എന്നാൽ അമിത രാഷ്ട്രീയ ഇടപെടലുകളാണ് രാജിക്ക് പിന്നിലെന്നാണ് വിവരം. കൊവിഡ് പ്രവർത്തനങ്ങളുടെ മെഡിക്കൽ കോളേജിലെ നോഡൽ ഓഫീസറുമാണ് മുരളീധരൻ. കൊവിഡിന്റെ ചുമതല രണ്ട് മാസം വീതം മാറി മാറി വരുന്ന പ്രക്രിയയാണ്.

സെക്യൂരിറ്റി ഓഫീസർ ഇല്ലാതായിട്ട് ഒന്നര വർഷം

ആയിരക്കണക്കിന് രോഗികളും മറ്റുള്ളവരും ദിവസവുമെത്തുന്ന മെഡിക്കൽ കോളേജിൽ സുരക്ഷയുടെ ഭാഗമായി ഉള്ള സെക്യൂരിറ്റി ഓഫീസർ തസ്തിക ഒന്നര വർഷമായി ഒഴിഞ്ഞു കിടക്കുന്നു. ആശുപത്രി, നഴ്സിംഗ് കോളേജ്, ട്രഷറി, കൊവിഡ് ആശുപത്രി തുടങ്ങി നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന മെഡിക്കൽ കോളേജിലാണ് സെക്യൂരിറ്റി ഓഫീസർ തസ്തികയിൽ ആളെ നിയമിക്കാത്തത്.

വകുപ്പ് മേധാവി സ്ഥാനങ്ങൾക്കും തത്കാലിക ചുമതല

റേഡിയോളജി, മെഡിസിൻ, സൈക്യാട്രി വിഭാഗത്തിൽ വകുപ്പ് മേധാവികൾ ഇല്ല. പല പ്രൊഫസർ, അസി. പ്രൊഫസർ തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്. ഇവിടെയെല്ലാം പകരം താത്കാലിക ചുമതലയാണ് നൽകിയിരിക്കുന്നത്.