കൊടുങ്ങല്ലൂർ: നഗരസഭയിലെ മുസ്‌രിസ് കൺവെൻഷൻ സെന്ററിൽ കൊവിഡ് ചികിത്സയ്ക്കായി സജ്ജമാക്കിയിട്ടുള്ള കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നു. ജില്ലയിലെ ചില സ്വകാര്യ കോളേജുകൾ ഉൾപ്പെടെയുള്ള ചികിത്സാ കേന്ദ്രങ്ങൾ നിറുത്തലാക്കേണ്ടി വന്ന സാഹചര്യത്തിലാണ് രോഗികളുടെ എണ്ണം നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ കുറഞ്ഞിട്ടും രോഗികളെ ഇവിടേക്ക് പ്രവേശിപ്പിക്കേണ്ടി വരുന്നത്.
ഇവിടെ ഡോക്ടർമാരെയും സ്റ്റാഫിനെയും നിയോഗിച്ചിട്ടുണ്ട്. സ്ത്രീകളായ രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. ദിവസവും ശരാശരി 1,800 ഓളം രോഗികളാണ് താലൂക്ക് ആശുപത്രിയിലെ ഒ.പിയിൽ എത്തിച്ചേരുന്നത്. കൊവിഡ് സെന്റർ ആരംഭിച്ചതിന് ശേഷം ഒ.പിയിൽ ചികിത്സയില്ലാത്തതിനാൽ നിർദ്ധനരായ രോഗികൾ ഉൾപ്പടെയുള്ളവർ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. മുസ്‌രിസ് സെന്ററിൽ കൊവിഡ് ചികിത്സാ കേന്ദ്രം ആരംഭിക്കുന്ന സാഹചര്യത്തിൽ താലൂക്ക് ആശുപത്രിയിലെ കൊവിഡ് സെന്റർ പുതിയ കേന്ദ്രത്തിലേയ്ക്ക് മാറ്റി ആശുപത്രിയിലെ സ്‌പെഷ്യലിസ്റ്റ് ഒ.പി ഉൾപ്പടെ പുന:സ്ഥാപിക്കണമെന്ന് നഗരസഭ ചെയർപേഴ്‌സൺ എം.യു ഷിനിജ, വൈസ് ചെയർമാൻ കെ.ആർ ജൈത്രൻ എന്നിവർ കളക്ടർ ആരോഗ്യ വകുപ്പ് അധികാരികൾ എന്നിവരോട് ആവശ്യപ്പെട്ടു.