കൊടുങ്ങല്ലൂർ: പ്രശസ്ത ചവിട്ടുനാടക കലാകാരനായ അലക്‌സ് താളുപ്പാടത്തിന് സംസ്ഥാന സർക്കാരിന്റെ 2019ലെ ഫോക്‌ലോർ അക്കാഡമി അവാർഡ്. പ്രശസ്തിപത്രവും ശില്പവും കാഷ് അവാർഡും അടങ്ങുന്ന പുരസ്‌കാരം അടുത്ത മാസം സമ്മാനിക്കും. നാലു പതിറ്റാണ്ടായി ചവിട്ടുനാടക രംഗത്ത് പ്രവർത്തിക്കുന്ന അലക്‌സ് താളുപ്പാടത്ത് നൂറോളം വേദികളിൽ ചവിട്ടുനാടകം അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ ആദ്യമായി വനിതകൾക്ക് മാത്രമായി ചവിട്ടുനാടക ടീം രൂപപ്പെടുത്തി. ഭിന്നശേഷിക്കാരായ നിരവധി കുട്ടികളെ പരിശീലിപ്പിച്ച് അരങ്ങിലെത്തിക്കാനും അല്കസിന് കഴിഞ്ഞു. ആദ്യമായി വിദേശത്ത് പ്രവാസികളെ പഠിപ്പിച്ച് ഒരു ട്രൂപ്പ് ആരംഭിച്ചതും ശ്രദ്ധേയമായി. ചവിട്ടുനാടകം പ്രമേയമാക്കി നാല് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഒട്ടേറെ സ്‌കൂളുകളിൽ ചവിട്ടുനാടക പരിശീലകനായി പ്രവർത്തിച്ചുവരുന്നു. കഴിഞ്ഞ അഞ്ച് വർഷമായി പ്രൊഫഷണൽ നാടകത്തിലും അഭിനയിച്ചു വരുന്നുണ്ട്.