തൃശൂർ: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 59000 കോടിയുടെ പ്രീ മെട്രിക് സ്‌കോളർഷിപ്പ് പദ്ധതി പട്ടികജാതി സമൂഹത്തിന്റെ പുരോഗതിയിലേക്കുള്ള കാൽവയ്പ്പാണെന്ന് പട്ടികജാതി മോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ ഷാജുമോൻ വട്ടേക്കാട്. പട്ടികജാതി മോർച്ച തൃശൂർ ജില്ലാ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയ തുക പട്ടിക വിഭാഗത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി മാറ്റിവച്ചത്. മോദി സർക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നതായും ഷാജുമോർ പറഞ്ഞു.
നരേന്ദ്ര മോദിക്ക് അഭിവാദ്യം അർപ്പിച്ച് എട്ടിന് തൃശൂരിൽ പട്ടികജാതി മോർച്ച അനുമോദന സഭ സംഘടിപ്പിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, സാമൂഹിക ക്ഷേമവകുപ്പ് മന്ത്രി തവർച്ചൻഡ് ഗാഹലോട് എന്നിവർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് പട്ടികജാതി മോർച്ച കത്ത് അയക്കുമെന്ന് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഷാജി അദ്ധ്യക്ഷനായി. രാജു പി.ടി, രാജൻ നെല്ലങ്കര, ചന്ദ്രൻ, ബാബുരാജ്, കോലഴി, അഭിലാഷ് തയ്യൂർ എന്നിവർ പ്രസംഗിച്ചു.