തൃശൂർ: ലോക് ഡൗണിൽ കുടുങ്ങി കീമോ തെറാപ്പിക്കായി യാത്രാ സഹായം തേടിയെത്തിയതാണ് ഓമന. പക്ഷേ സഹായം നൽകിയ അഗ്നിരക്ഷാ സേന അവരുടെ ദുരിതം കണ്ട് സമ്മാനിക്കുന്നത് സ്വന്തമായൊരു വീടും സ്ഥലവുമാണ്.
കാൻസർ ബാധിതയായ ഓമനയ്ക്ക് ലോക് ഡൗൺ സമയത്ത് കീമോതെറാപ്പി ചെയ്യുന്നതിന് പാറളത്ത് നിന്ന് തൃശൂർ മെഡിക്കൽ കോളേജ് വരെ പോകുന്നതിനായി വാഹനങ്ങൾ ലഭ്യമാകാതായപ്പോഴാണ് ഓമനയും കുടുംബവും ഫയർഫോഴ്സിൻ്റെ സഹായം തേടിയത്.
ഉടനെ 15 ദിവസത്തെ ആശുപത്രി യാത്രയ്ക്ക് ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ (ഡ്രൈവർ) കെ.എൽ എഡ്വേർഡ്, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ പോൾ ഡേവിഡ്, ഫയർ ആൻഡ് റെസ്ക്യു ഓഫീസർ നിതിൽ വിൻസെൻ്റ് എന്നിവരുടെ നേതൃത്വത്തിൽ ആംബുലൻസ് യാത്ര സജ്ജമാക്കുകയായിരുന്നു.
തുടർച്ചയായി കീമോ ചികിത്സയ്ക്ക് കൊണ്ടുപോകാനെത്തിയിരുന്ന ഉദ്യോഗസ്ഥർക്ക് വാടക നൽകാനില്ലാതെയും ചികിത്സയ്ക്ക് പണമില്ലാതെയും ദുരിതമനുഭവിച്ച ഓമനയുടെ അവസ്ഥ മനസിലാക്കിയാണ് അഗ്നിരക്ഷാ സേനയുടെ ഇടപെടൽ. തുടർന്ന് കേരള ഫയർ സർവീസ് ഡ്രൈവേഴ്സ് ആൻഡ് മെക്കാനിക്സ് അസോസിയേഷൻ തൃശൂർ വിഭാഗം കമ്മിറ്റി ഓമനയ്ക്കും കുടുംബത്തിനും വീട് വെച്ച് നൽകാൻ തീരുമാനിച്ചു. വടക്കാഞ്ചേരി ഫയർ സ്റ്റേഷൻ ഓഫീസർ പി.എ ലാസർ പാറളത്ത് തന്നെയുള്ള തൻ്റെ സ്ഥലത്തു നിന്നും മൂന്നു സെൻ്റ് സ്ഥലം വീട് വയ്ക്കുന്നതിനായി വിട്ടു നൽകാൻ തയ്യാറായി.
500 ചതുരശ്ര അടിയിലുള്ള വീടാണ് ഓമനയ്ക്ക് നിർമ്മിച്ച് നൽകുന്നത്. 2011 ൽ വൈദ്യുത ലൈനിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരിച്ച ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) വിനോദ് കുമാറിൻ്റെ പത്താമത് അനുസ്മരണ ദിനത്തോട് അനുബന്ധിച്ചാണ് അസോസിയേഷൻ ഇവർക്ക് വീട് വെച്ച് നൽകുന്നത്. വീടിൻ്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ 10ന് നാട്ടിക ഗീതാ ഗോപി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ നിർവഹിക്കും.