bypass
ബൈപാസിൽ മാലിന്യം തള്ളിയ നിലയിൽ

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ബൈപാസിൽ കാഴ്ച മറച്ച് കുറ്റിക്കാടുകൾ വളർന്നു നിൽക്കുന്നത് വാഹനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. മൂന്നര കിലോമീറ്റർ ദൂരമുള്ള ചന്തപ്പുര കോട്ടപ്പുറം ബൈപാസിലെ റോഡുകളുടെ വശങ്ങളിലാണ് കുറ്റിക്കാടുകൾ തഴച്ചു വളർന്നു നിൽക്കുന്നത്. സർവീസ് റോഡിലെ കാൽനട യാത്രികർക്കും കുറ്റിച്ചെടികൾ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്.

ചന്തപ്പുര സിഗ്നലിന്റെ ഭാഗം നഗരസഭ പുൽച്ചെടികളും മറ്റും നട്ടുപിടിപ്പിച്ചതൊഴിച്ചാൽ ബൈപ്പാസിന്റെ മറ്റിടങ്ങളിലെല്ലാം കാടുപിടിച്ച അവസ്ഥയിലാണ്. സ്ട്രീറ്റ് ലൈറ്റുകൾ ബൈപാസിൽ സ്ഥാപിക്കാത്തതും പരിസരങ്ങളിൽ താമസിക്കുന്നവർക്കും പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത് മുതലെടുത്ത് സാമൂഹ്യ ദ്രോഹികൾ മാലിന്യം വാഹനങ്ങളിലും മറ്റും കൊണ്ടുവന്ന് തള്ളുകയാണ്.

2014 ൽ ആണ് ബൈപാസ് ഗതാഗതത്തിന് തുറന്നു കൊടുത്തതെങ്കിലും ഇതുവരെ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കാനായിട്ടില്ല. രാത്രിയിൽ കാടുപിടിച്ച ബൈപാസിന്റെ മൂന്നര കിലോമീറ്റർ ഭാഗത്ത് കക്കൂസ് മാലിന്യം അറവുശാല മാലിന്യം,​ അജൈവ മാലിന്യം തുടങ്ങിയവ തള്ളുന്നത് പതിവാണ്. ഇത് തടയാൻ വഴി വിളക്കുകൾ സ്ഥാപിക്കുകയും കുറ്റിക്കാടുകൾ വെട്ടിമാറ്റി സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.