ബി.ജെ.പി വാർഡ് മെമ്പറും ഗുരുവായൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമായ സിന്ധു അശോകൻ ആശുപത്രിയിൽ.
ചാവക്കാട്: ഒരുമനയൂരിൽ ബി.ജെ.പി - സി.പി.എം സംഘർഷം തുടരുന്നു. ഒരുമനയൂർ പഞ്ചായത്ത് ആറാം വാർഡിൽ റോഡ് നിർമാണവുമായി ബന്ധപ്പെട്ടെത്തിയ ബി.ജെ.പി പഞ്ചായത്ത് അംഗത്തെയും നേതാവിനെയും സി.പി.എം പ്രവർത്തകർ മർദ്ദിച്ചെന്ന് പരാതി. ബി.ജെ.പി പഞ്ചായത്ത് അംഗവും ഗുരുവായൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമായ സിന്ധു അശോകനെ താലൂക്ക് ആശുപത്രിയിലും ബി.ജെ.പി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് പൂവ്വന്തറയെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. ഒരുമനയൂർ ആറാം വാർഡ് ഇരിങ്ങാക്കുളത്തിന് സമീപം വഴി ഉണ്ടാക്കുന്നതിനെ ചൊല്ലിയാണ് തർക്കവും കൈയ്യാങ്കളിയും ഉണ്ടായത്. സി.പി.എം പ്രവർത്തകർക്കും മർദ്ദനമേറ്റെന്ന് പരാതിയുണ്ട്. സംഭവത്തിൽ ഇരു വിഭാഗം പ്രവർത്തകരുടെ പേരിലും ചാവക്കാട് പൊലീസ് കേസെടുത്തു.
ഇന്നലെയും ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായി. ഇതിൽ രണ്ടു പേർക്ക് പരിക്ക് പറ്റി.എസ്.എഫ്.ഐ പ്രവർത്തകൻ നിധിൻ(22), ബി.ജെ.പി പ്രവർത്തകൻ ജീവൻ(25) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ നിധിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും ജീവനെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥലത്ത് പൊലീസ് കാവൽ ശക്തമാക്കി.
ബി.ജെ.പി പഞ്ചായത്ത് അംഗത്തെയും പ്രവർത്തകനെയും മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഒരുമനയൂരിൽ ബി.ജെ.പി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. തങ്ങൾപടിയിൽ നിന്നാരംഭിച്ച പ്രകടനത്തിന് ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എ. വേലായുധകുമാർ, സെക്രട്ടറി കെ.ആർ. ബൈജു, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് കെ.എസ്. അനിൽകുമാർ, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് ബാബു തൊഴിയൂർ, മഹിളാമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ഉമാദേവി ഷൺമുഖൻ, ബി.ജെ.പി ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് നന്ദകുമാർ, ബി.ജെ.പി കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഗണേഷ് ശിവജി, ബി.ജെ.പി ചാവക്കാട് മുനിസിപ്പൽ പ്രസിഡന്റ് പ്രസന്നൻ പാലയൂർ തുടങ്ങിയവർ നേതൃത്വം നൽകി.
തുടർന്നു നടന്ന പ്രതിഷേധയോഗം മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. സി. നിവേദിത സുബ്രമണ്യൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് അദ്ധ്യക്ഷനായി. ബി.ജെ.പി ജില്ലാ സെക്രട്ടറി കെ.ആർ. അനീഷ് മാസ്റ്റർ, ഗുരുവായൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുമേഷ് തേർളി എന്നിവർ സംസാരിച്ചു.