വടക്കാഞ്ചേരി: കരുമത്ര വടക്കുംമൂല ചിറ പാടശേഖരത്തിൽ വില്ലേജ് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകിയ സ്ഥലത്ത് വീണ്ടും അനധികൃത നിർമാണം. പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ സ്ഥലത്തേക്ക് എത്തുന്നത് അറിഞ്ഞ് ഉടമ മുങ്ങി.

ലോക് ഡൗൺ സമയത്ത് അധികൃതരുടെ കണ്ണ് വെട്ടിച്ചാണ് കെട്ടിട നിർമ്മാണം തുടങ്ങിയത്. ഇതറിഞ്ഞ മുൻ പഞ്ചായത്ത് അംഗം രാജീവൻ തടത്തിലിന്റെ നേതൃത്വത്തിൽ നിർമാണം തടയുകയും പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റോപ്പ് മെമ്മോ നൽകുകയായിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം വൈകിട്ട് കെട്ടിടത്തിനു മുകളിൽ വീണ്ടും കല്ല് വച്ചു ഉയരം കൂട്ടുകയായിരുന്നു. സംഭവം അറിഞ്ഞ് ഗ്രാമപഞ്ചായത്ത് അംഗം ഐശ്വര്യ ഉണ്ണിയുടെ നേതൃത്വത്തിൽ സ്ഥലത്തു എത്തുകയായിരുന്നു. മാടക്കത്തറ സ്വദേശി ബാബുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് നിർമാണം നടക്കുന്നത്.

നിയമ ലംഘനം നടത്തിയ ഉടമയ്ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്ന് പഞ്ചായത്ത് അംഗം ഐശ്വര്യ ഉണ്ണി പറഞ്ഞു.