oxygen

തൃശൂർ: കൊവിഡ് കാലത്ത് രോഗികൾക്ക് ഏറെ ആവശ്യമുള്ള ഓക്സിജൻ ക്ഷാമത്തിന് അറുതി വരുത്താൻ ഗവ. മെഡിക്കൽ കോളേജിൽ ഓക്സിജൻ ഉൽപാദന പ്ളാന്റ് സ്ഥാപിക്കുന്നു. 1.50 കോടി രൂപ കേന്ദ്രഫണ്ടാണ് ഇതിനായി ഉപയോഗിക്കുന്നത്. ആശുപത്രിയിലേക്ക് ആവശ്യമായ ഓക്സിജൻ സ്വയം ഉൽപാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

പ്ലാന്റ് വരുന്നതോടെ മെഡിക്കൽ കോളേജിന് വൻ സാമ്പത്തിക ചെലവാണ് കുറയുക. ദിവസേന പതിനായിരക്കണക്കിന് രൂപ ചെലവഴിച്ചാണ് ഓക്സിജൻ സിലിണ്ടറുകൾ നിറയ്ക്കാറ്. കൊവിഡ് കാലത്ത് ഐ.സി.യു യൂണിറ്റിലേക്ക് ഉൾപ്പെടെ ഏറെ ആവശ്യമാണ് ഓക്സിജൻ സിലിണ്ടറുകൾ. കൊവിഡ് രോഗികളിൽ അഞ്ച് ശതമാനം രോഗികൾക്കെങ്കിലും കൃത്രിമശ്വാസത്തിന് ഓക്സിജൻ വേണ്ടി വരുമെന്നാണ് സ്ഥിതി വിവരകണക്കുകൾ പറയുന്നത്.

300 യൂണിറ്റ് ഉത്പാദിപ്പിക്കാം

ഒരു ദിവസം ആശുപത്രിക്ക് ആവശ്യമുള്ള ശരാശരി 200 മുതൽ 300 യൂണിറ്റ് വരെ ഓക്സിജൻ പുതിയ പ്ളാന്റിലൂടെ ഉത്പാദിപ്പിക്കാം.

നിർമ്മാണ പ്രവൃത്തി തുടങ്ങി

ഒരു മാസത്തിനകം പ്രവർത്തന സജ്ജമാക്കുകയാണ് ലക്ഷ്യം. മെഡിക്കൽ കോളേജിൽ നടപ്പിലാക്കുന്ന പ്രാണ പദ്ധതിക്കും പ്ലാന്റ് സഹായകരമാകും. കൊവിഡ് രോഗികൾക്ക് വേണ്ട ഓക്സിജൻ ലഭ്യമാക്കുന്നതിന് മെഡിക്കൽ കോളേജ് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് പ്രാണ എയർ ഫോർ കെയർ പദ്ധതി. തൃശൂർ മെഡിക്കൽ കോളേജിന് പുറമെ കോഴിക്കോട്, കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജുകളിലും ഓക്സിജൻ ഉത്പാദന പ്ലാന്റ് സ്ഥാപിക്കും.