തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി നിയമസഭയിലേക്ക് പിന്നാക്കക്കാർക്ക് അർഹമായ സംവരണം നിയമം മൂലം ഉറപ്പ് വരുത്തണമെന്ന് ആർ. ശങ്കർ ഫോറം സർക്കാരിനോട് ആവശ്യപ്പെട്ടു.
മദ്ധ്യപ്രദേശ്, ആന്ധ്ര തുടങ്ങിയ പല പ്രധാന സംസ്ഥാനങ്ങളിലും ഇത് നിലവിൽ വന്നിട്ടുണ്ട്. കേരളമുൾപ്പെടെ പല സംസ്ഥാനങ്ങളിലും പിന്നാക്കക്കാർ അവഗണിക്കപ്പെടുകയാണ്. ജില്ലയിൽ കോൺഗ്രസിൽ അഞ്ച് സീറ്റുകൾ മത്സരിക്കാൻ പിന്നാക്കക്കാർക്ക് ലഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സി.ജി ജനാർദ്ദനൻ, കെ.പി വിശ്വനാഥൻ, വി.എം സുധീരൻ, രാഘവൻ പുഴേക്കടവിൽ, സിദ്ധാർത്ഥൻ കാട്ടുങ്ങൽ എന്നിവർ വിജയിച്ച ജില്ലയിൽ നിന്ന് ഇപ്പോൾ ഒരാൾ പോലും ഇല്ല.
ഒല്ലൂർ, പുതുക്കാട്, മണലൂർ, കുന്നംകുളം, കൊടുങ്ങല്ലൂർ, കയ്പ്പമംഗലം എന്നീ മണ്ഡലങ്ങൾ ഈഴവ ഭൂരിപക്ഷ മണ്ഡലങ്ങളാണ്. പരിഗണിക്കപ്പെടാതെ വരുന്ന പ്രവർത്തകർ നിഷ്‌ക്രിയരാവുകയോ മറ്റു പാർട്ടികളിൽ ഇടം കണ്ടെത്തുകയോ ചെയ്യുന്ന അവസ്ഥയാണ്. യോഗത്തിൽ ഫോറം പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറിയുമായ കെ.വി സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. എ.ആർ രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ടി.ആർ രഞ്ജു , എ.വി സജീവ്, സതീഷ് വിമലൻ, ജിതേഷ് ബലറാം, ഭാസ്ക്കർ കെ. മാധവൻ, വിനീഷ് തയ്യിൽ, നിഖിൽ ദാമോദരൻ എന്നിവർ സംസാരിച്ചു.