kuthiran

തൃശൂർ: മാസങ്ങളുടെ പ്രതിസന്ധികൾക്ക് ഒടുവിൽ കുതിരാൻ ടണൽ നിർമ്മാണം ആരംഭിച്ചു. ഗതാഗത കുരുക്കിന് പരിഹാരമെന്ന നിലയിൽ തൃശൂർ - പാലക്കാട് ദേശീയപാതയിൽ നിർമ്മിക്കുന്ന കുതിരാൻ തുരങ്കം ജനുവരിയിൽ തുറന്നു കൊടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കുടിശിക ഉൾപ്പടെ നിരവധി പ്രശ്നങ്ങൾ നിലനിൽക്കേ യാഥാർത്ഥ്യമാകില്ലെന്ന അഭിപ്രായം ഉയർന്നിരുന്നു. ഇതിനിടയിലാണ് നിർമ്മാണ പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചത്. നേരത്തെ പ്രവർത്തനം ആരംഭിച്ചത് പ്രഗതി കമ്പനി ആയിരുന്നു. എന്നാൽ ദേശീയ പാത കരാർ കമ്പനികരായ കെ.എം.സി കമ്പനി കുടിശിക വരുത്തിയതിനെ തുടർന്ന് പ്രശ്നം നിലനിന്നിരുന്നു. ഒടുവിൽ അവരെ മാറ്റി വൈഷ്ണവി കമ്പനിയെ ഏൽപ്പിച്ചെങ്കിലും ഇവർക്കും നിർമ്മാണം മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കാതെ വന്നതോടെ ടണൽ പാത പ്രവർത്തനം നിലയ്ക്കുകയായിരുന്നു. ഇതിനിടയിലാണ് ഇന്ന് മുതൽ വീണ്ടും പ്രവർത്തനം തുടങ്ങാൻ തീരുമാനിച്ചത്. കെ.എം.സി. കമ്പനി നേരിട്ടാണ് പ്രവർത്തനം നടത്തുന്നത്. 90 ശതമാനം പണിയേ പൂർത്തിയായിട്ടുള്ളൂ. തൊഴിലാളികൾ, ടിപ്പർ ലോറി ഉടമകൾ എന്നിവർക്ക് മാത്രം കൂലി, വാടക ഇനത്തിൽ കെ.എം.സി മൂന്നരക്കോടിയോളം നൽകാനുണ്ട്. എതാനും ദിവസം മുമ്പ് മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി തൃശൂരിലെത്തിയപ്പോഴാണ് ടണൽ ജനുവരിയിൽ തുറക്കുമെന്ന പ്രഖ്യാപനമുണ്ടായത്. .

പൂർത്തിയാകേണ്ടത്

ടണലിലെ എക്‌സ്ഹോസ്റ്റ് ഫാനുകളിൽ നിന്ന് പുക പുറത്തു പോകുന്നതിനുള്ള പൈപ്പുകൾ സ്ഥാപിച്ചിട്ടില്ല. ടണലിന്റെ ഉൾവശം പൂർണമായും കോൺക്രീറ്റ് ചെയ്യണം. ഡ്രൈനേജ് സ്ഥാപിക്കണം, വൈദ്യുതീകരണം, ഫയർ ആന്റ് സേഫ്റ്റി സംവിധാനം, മഴയിൽ വെള്ളം അകത്തേക്ക് കിനിഞ്ഞിറങ്ങുന്നത് ഒഴിവാക്കാൻ പ്രവൃത്തി, ലൈറ്റ് സ്ഥാപിക്കൽ എന്നിവയാണ് പൂർത്തിയാകാനുള്ളത്. റോഡിന്റെ ശോചനീയാവസ്ഥയും ഗതാഗതക്കുരുക്കും മൂലം ദേശീയപാത യാത്ര ദുരിതപൂർണ്ണമാണ്. പുതുവർഷ തലേന്ന് ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്നു പേർ മരിച്ചിരുന്നു

കുതിരാൻ ടണൽ

മുൻ കരാർ കമ്പനിയുടെ കുടിശിക 3.85 കോടി

2009ലെ കരാർ തുക : 165 കോടി

ചെലവായത്: ഇരട്ടിയോളം തുക

നിർമ്മാണം തുടങ്ങിയത് : 2014ൽ

നീളം: 945 മീറ്റർ വീതി 14 മീറ്റർ

ഉയരം: 10 മീറ്റർ