തൃശൂർ: ഭൂരിപക്ഷത്തിന്റെ നൂൽപ്പാലത്തിൽ എൽ.ഡി.എഫ് ഭരണം പിടിച്ച കോർപറേഷനിൽ നിർണ്ണായകമായ പുല്ലഴി സീറ്റിലേക്കുള്ള പോരാട്ടത്തിന് മൂന്നു മുന്നണികളും മികച്ച സ്ഥാനാർത്ഥികളുമായി രംഗത്തിറങ്ങി. യു.ഡി.എഫ് വിമതൻ എം.കെ വർഗീസിന് മേയർ സ്ഥാനം നൽകി മുന്നിൽക്കയറിയ എൽ.ഡി.എഫിനും പിന്നോട്ടുപോയ യു.ഡി.എഫിനും ഒരുപോലെ ഭാവിയിൽ ഭരണത്തിന് സാദ്ധ്യത കൂട്ടുന്ന ഘടകമാണ് പുല്ലഴിയിലെ സീറ്റിലെ വിജയം. രണ്ട് സീറ്റിന്റെ വ്യത്യാസമാണ് ഇരു മുന്നണികളും തമ്മിൽ. പുല്ലഴിയിലെ സീറ്റ് വിജയിച്ചാൽ എൽ.ഡി.എഫിന് ഭരണം ഭീഷണികളില്ലാതെ തുടരാനും യു.ഡി.എഫിന് ഭരണത്തിനുള്ള നേരിയ സാദ്ധ്യതയും തുറന്ന് കിട്ടാനും ഇടയാക്കും. അപ്പോഴും നിർണ്ണായകമാകുക യു.ഡി.എഫ് വിമതൻ എം.കെ വർഗ്ഗീസിന്റെ നിലപാടുകളാകും. ഭരണമുന്നണിയിലെ അന്തഃഛിദ്രങ്ങളിൽ കണ്ണുവച്ചാണ് യു.ഡി.എഫും മുന്നോട്ടുപോകുന്നത്. തൃശൂരിൽ ഒരു സീറ്റ് കൂടി പിടിച്ച് സീറ്റെണ്ണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ബി.ജെ.പിക്ക്. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് കൂടുതൽ വോട്ട് കിട്ടിയ ഡിവിഷനെന്ന വിശ്വാസമാണ് പുല്ലഴിയിൽ ബി.ജെ.പിക്കുള്ളത്.
കക്ഷിനില
സ്ഥാനാർത്ഥികൾ ഇവർ
എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി അഡ്വ. മഠത്തിൽ രാമൻകുട്ടിയും യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ. രാമനാഥനും എൻ.ഡി.എ സ്ഥാനാർത്ഥിയായി സന്തോഷ് പുല്ലഴിയും ജനവിധി തേടും. മൂന്ന് മുന്നണികളും പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാണ്. ജനുവരി 21 ന് വോട്ടെടുപ്പും 22 ന് ഫലപ്രഖ്യാപനവും ഉണ്ടാകും. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന എം.കെ മുകുന്ദന്റെ മരണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്.
കണക്കുകൂട്ടി മുന്നണികൾ
പുല്ലഴിയിലെ ജയം കൂടി നേടിയാൽ 5 വർഷം ആശങ്കകളില്ലാതെ മുന്നോട്ടുപോകാമെന്നാണ് എൽ.ഡി.എഫ് കണക്ക് കൂട്ടൽ. പുല്ലഴിയിൽ ജയം നേടുകയും കോൺഗ്രസ് വിമതന്റെ മനസ് മാറ്റിയെടുക്കുകയും ചെയ്താൽ ഭരണത്തിലേറാമെന്ന കണക്കുകൂട്ടലാണ് യു.ഡി.എഫിന്. ലോക്സഭാ തിരഞ്ഞെടുപ്പിലെ നേട്ടം ആവർത്തിച്ചാൽ പുല്ലഴി പിടിക്കാമെന്ന കണക്ക് കൂട്ടലിലാണ് ബി.ജെ.പി. കോൺഗ്രസുമായി പിണങ്ങി എൽ.ഡി.എഫിനൊപ്പം വന്നയാളാണ് മുൻ കൗൺസിലറായ മഠത്തിൽ രാമൻകുട്ടി. അതുകൊണ്ട് കോൺഗ്രസ് വോട്ടുകളിൽ വിള്ളൽ വീഴ്ത്താമെന്നാണ് കണക്ക് കൂട്ടൽ. എം.കെ മുകുന്ദന്റെ മരണത്തിലുള്ള സഹതാപതരംഗം വോട്ടാകുമെന്നും എൽ.ഡി.എഫ് കരുതുന്നു. മുൻ കൗൺസിലറും മണ്ഡലം പ്രസിഡന്റുമാണ് യു.ഡി.എഫ് സ്ഥാനാർത്ഥി രാമനാഥൻ. ഡിവിഷനിലെ പ്രവർത്തന പരിചയത്തിലാണ് വിശ്വാസം മുഴുവൻ. സന്തോഷ് പുല്ലഴിയും ഡിവിഷനിൽ വ്യക്തിബന്ധമുള്ള ആളാണ്.
യു.ഡി.എഫിന്റെ പരമ്പരാഗത മണ്ഡലം
പരമ്പരാഗതമായി യു.ഡി.എഫിനൊപ്പം നിൽക്കുന്ന ഡിവിഷനാണ് പുല്ലഴി. പതിവിന് വിപരീതമായി ഒരു തവണ മാത്രമാണിവിടെ എൽ.ഡി.എഫിന് വിജയം നേടാനായത്. ആശാപ്രവർത്തകയായിരുന്ന യുവതിയാണ് വിജയം കൊണ്ടുവന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിൽ ഡിവിഷനിൽ കൂടുതൽ വോട്ട് നേടിയത് പക്ഷേ ബി.ജെ.പിയായിരുന്നു.