vilangan

തൃശൂർ: തൃശൂരിന്റെ നഗരസൗന്ദര്യം ഒരു ഭാഗത്ത്. പച്ചവിരിച്ച നെൽപ്പാടങ്ങളും വിദൂര മലനിരകളും തെളിഞ്ഞ ചക്രവാളം മറുഭാഗത്ത്. പ്രകൃതിയും നഗരവും കൈകോർത്ത് സല്ലപിക്കുന്ന കാഴ്ച്ച ആവോളം ആസ്വദിക്കേണ്ടവർക്ക് വിലങ്ങൻ കുന്നലേക്ക് വരാം. മനം മയക്കുന്ന വിസ്മയ കാഴ്ചകൾക്കൊപ്പം രണ്ടാം ലോക മഹായുദ്ധകാല ചരിത്രവും വിലങ്ങന് പറയാനുണ്ട്. അക്കാലത്ത് ഒരു നിരീക്ഷണ നിലയവും മിലിറ്ററി ക്യാമ്പും ഇവിടെ സ്ഥാപിച്ചിരുന്നതായി ചരിത്രം പറയുന്നു. വിലങ്ങൻ കുന്നിന്റെ മുകളിൽ നിന്നും ചുറ്റും നോക്കിയാൽ കിഴക്ക് സഹ്യപർവത നിരകൾ, പെരുമല, തയ്യൂർ കോട്ട, പടിഞ്ഞാറ് അറബിക്കടൽ, തൃശൂർ നഗരം തുടങ്ങി അടുത്തും അകന്നതുമായ വിവിധ സ്ഥലങ്ങളും കാഴ്ച്ചകളും വ്യക്തമായി കാണാം. ദൂരക്കാഴ്ചയ്ക്ക് സൗകര്യമുള്ള ഇത്ര ഉയരമുള്ള ഒരു കുന്ന് നഗരത്തിന് തൊട്ടടുത്ത് വേറെ ഇല്ല.

നാല് വ്യൂ പോയിന്റുകൾ

നഗരത്തിന്റെ വിവിധ ദൃശ്യങ്ങൾ സമ്മാനിക്കുന്ന നാലു വ്യൂ പോയിന്റുകളും വിലങ്ങനെ മനോഹരമാക്കുന്നു. സൗരോർജത്തിൽ പ്രവർത്തിക്കുന്ന എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചതോടെ വിലങ്ങനിലിപ്പോൾ എവിടെയും വെളിച്ചവുമുണ്ട്.

നിരവധി വിനോദ ഉപാധികൾ

ഒട്ടേറെ വിനോദ ഉപാധികളാണ് പുതുവർഷത്തിൽ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുള്ളത്. കലാ സാംസ്‌കാരിക പ്രവർത്തനങ്ങൾക്കായി ഒരു ഔട്ട് ഡോർ തിയേറ്ററും കുട്ടികൾക്കായി വാഗൻ വീൽ ഉൾപ്പെടെയുള്ള പാർക്കും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ കുടുംബശ്രീയുടെ കാന്റീൻ, വിലങ്ങൻ ട്രക്കേഴ്‌സ് പ്രവർത്തകർ നട്ടുവളർത്തുന്ന അശോകവനം എന്നിവയുമുണ്ട്.

16 ഡി തിയേറ്ററും വാഗൺ വീലും

മുമ്പിലെ വലിയ സ്‌ക്രീനിൽ തെളിയുന്ന അതേ സീനുകളുടെ 'ഇഫക്ട്്' സമ്മാനിക്കുന്ന 16 ഡി തിയേറ്ററാണ് പാർക്കിലെ മറ്റൊരാകർഷണം. 180 ഡിഗ്രിയിൽ തിരിയുന്ന സീറ്റാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. വെള്ളച്ചാട്ടവും മഞ്ഞും സുഗന്ധവുമെല്ലാം തിയേറ്ററിൽ പ്രേക്ഷകർക്ക് അനുഭവിക്കാം. അത്്ഭുതങ്ങളുടെ 'ഹൊറർ ഹൗസ്' ആണ് രണ്ടാമത്തെ താരം. യന്ത്ര ഊഞ്ഞാൽ എന്ന് വിശേഷിപ്പിക്കുന്ന വാഗൺ വീലാണ് കുരുന്നുകളെ സ്വാഗതം ചെയ്യുന്ന പുത്തൻ കളി ഉപകരണങ്ങളിലൊന്ന്. കൂറ്റൻ ബലൂൺ പാർക്കിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു.

എല്ലാം ഭിന്നശേഷി സൗഹൃദം

ഭിന്നശേഷി സൗഹൃദമാണ് ഇവിടത്തെ എല്ലാ സൗകര്യങ്ങളും എന്നത് എടുത്ത് പറയേണ്ട പ്രത്യേകതയാണ്. 800 മീറ്റർ നീളത്തിൽ മരങ്ങൾക്കിടയിലൂടെ വീൽച്ചെയറുകൾക്ക് കൂടി കടന്നു പോകാവുന്ന തരത്തിൽ നിർമ്മിച്ച നടപ്പാതകൾ ഇവിടെയുണ്ട്. രാജ്യാന്തര മാനദണ്ഡങ്ങൾ പ്രകാരമാണ് ശുചിമുറി ഒരുക്കിയിട്ടുള്ളത്. വീൽച്ചെയർ കടക്കാൻ കഴിയും വിധം വീതിയുള്ള വാതിലും ഹാൻഡ് റെയിലുകളും ശുചിമുറികളിലുണ്ട്. വാഷ് ബേസിന്റെ ഉയരം ക്രമീകരിച്ചിട്ടുള്ളതും ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ കഴിയും വിധത്തിലുള്ളതുമാണ്.

പ്രവേശന ഫീ 20 രൂപ

20 രൂപയാണ് വിലങ്ങനിലേക്കുള്ള പ്രവേശന ഫീസ്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് സമയം. കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാണ് പ്രവേശനം. രോഗലക്ഷണമുള്ളവരെ അകത്തേക്ക് പ്രവേശിപ്പിക്കില്ല.

2 കോടിയുടെ വികസന പ്രവർത്തനം

2 കോടിയുടെ പുനരുദ്ധാരണ പ്രവർത്തനമാണ് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വിലങ്ങനിൽ നടത്തിയത്. പതിമൂന്നോളം പുതിയ ഉല്ലാസ ഉപകരണം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.