തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൽ ആശയക്കുഴപ്പമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ തൃശൂരിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. വെൽഫെയർ പാർട്ടിയുമായുള്ള ബന്ധം തുടരില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് പറയുന്നു. എന്നാൽ ലീഗും വെൽഫെയർ പാർട്ടിയും ബന്ധം തുടരുന്നു. വെൽഫെയർ പാർട്ടിയോടുള്ള നിലപാട് കോൺഗ്രസ് ജനങ്ങളോട് കൃത്യമായി തുറന്നുപറയണം. പരസ്പര വിരുദ്ധമായാണ് കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും സംസാരിക്കുന്നത്.
ഇത്തരം മുന്നണി ബി.ജെ.പിയുടെ ഹിന്ദുത്വ തീവ്രവാദ രാഷ്ട്രീയത്തിന് ന്യായീകരണം നൽകും. ശരിയായ നിലപാട് എടുത്ത മുഖ്യമന്ത്രിയെ ഇവർ വിമർശിക്കുന്നു. മതമൗലിക വാദമുള്ളവരുമായി ഒത്തുപോകുന്ന പ്രതിപക്ഷ നേതാവ് ഇങ്ങനെ പറഞ്ഞാൽ നാട്ടുകാർ എന്തു മനസിലാക്കണം. ഇസ്ലാമിക മത മൗലിക വാദത്തോടാണ് യു.ഡി.എഫ് സന്ധി ചെയ്തത്. എന്നിട്ട് ഇല്ലെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ ?. സമൂഹത്തെ വർഗീയവത്കരിക്കുന്ന നിലപാട് സ്വീകരിച്ചവരെ ജനം അംഗീകരിച്ചില്ല. പാർലമെന്റിലേക്ക് ജയിച്ചുപോയവർ നിയമസഭയിലേക്ക് മത്സരിക്കുന്നതിനെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി അംഗം താരിഖ് അൻവർ തന്നെ വിമർശിച്ചിരിക്കുന്നു. പാലാ സീറ്റ് തരണമെന്ന് എൻ.സി.പി ആവശ്യപ്പെട്ടിട്ടില്ല. എൻ.സി.പി ഇപ്പോഴും എൽ.ഡി.എഫിന്റെ ഭാഗമാണ്. ലീഗ് കൂടുതൽ സീറ്റ് ചോദിച്ചു. അത് മറച്ച് പിടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടറി എം.എം വർഗീസും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പ്രകാശൻ മാസ്റ്ററെ നീക്കിയതിൽ അസ്വാഭാവികതയില്ല
തൃശൂർ: എൻ.സി.പി ഇടതുമുന്നണി വിടുമെന്ന കാര്യത്തിൽ തങ്ങൾക്ക് അറിവില്ലെന്നും ഇക്കാര്യത്തിൽ ഇടതുമുന്നണിയെ അറിയിച്ചിട്ടില്ലെന്നും ഇടതുമുന്നണി കൺവീനറും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ എ. വിജയരാഘവൻ. പാലാ സീറ്റുമായി ബന്ധപ്പെട്ട് മാത്രമല്ല, നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള സീറ്റ് വിഷയങ്ങളൊന്നും ഇടതുമുന്നണി ഇതുവരെയും ചർച്ച ചെയ്തിട്ടില്ല. മന്ത്രി ഇ.പി ജയരാജന്റെ പി.എ ചുമതലയിൽ നിന്നും കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. പ്രകാശൻ മാസ്റ്ററെ നീക്കിയതിൽ അസ്വാഭാവികതയില്ല. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള സംഘടനാ ചുമതലകളുടെ ഭാഗമായാണ്. പ്രകാശൻ മാസ്റ്റർക്കെതിരെ പരാതികൾ ഉണ്ടായിരുന്നുവെന്നതും വിജയരാഘവൻ നിഷേധിച്ചു.