കയ്പമംഗലം: കളഞ്ഞുകിട്ടിയ പണം അടങ്ങിയ പഴ്‌സ് ഉടമസ്ഥന് തിരിച്ച് നൽകി സർക്കാർ ജീവനക്കാരൻ മാതൃകയായി. കൊടുങ്ങല്ലൂർ എൻ.എച്ച് (എൽ.എ) വിഭാഗം ഓഫീസിലെ ജീവനക്കാരനും വൈപ്പിൻ നായരമ്പലം സ്വദേശിയുമായ എളങ്കുന്നപ്പുഴ ആന്റണിക്കാണ് കയ്പമംഗലം കൊപ്രക്കളം സെന്ററിൽ സ്റ്റാർ ഓഡിറ്റോറിയത്തിനടുത്ത് വച്ച് പണവും എ.ടി.എം കാർഡും മറ്റും അടങ്ങിയ പഴ്‌സ് കിട്ടിയത്. ഉടൻ തന്നെ ആന്റണി കയ്പമംഗലം പൊലീസ് സ്റ്റേഷനിലേൽപ്പിച്ചു. ദേശീയ പാതവികസനവുമായി ബന്ധപെട്ട് രാവിലെ ചെന്ത്രാപ്പിന്നിയിലേക്ക് പോകുകയായിരുന്നു ആന്റണി. പൊലീസ് അന്വേഷണത്തിൽ പഴ്സ് ചെന്ത്രാപ്പിന്നി ഈസ്റ്റിൽ താമസിക്കുന്ന പേരകത്ത് ഷഹിൻഷായുടെതാണെന്ന് കണ്ടെത്തി. എ.എസ്.ഐ തോമസിന്റെ സാന്നിദ്ധ്യത്തിൽ ആന്റണി പഴ്‌സ് ഉടമസ്ഥനായ ഷഹിൻഷാക്ക് കൈമാറി.