ചാലക്കുടി: നഗരത്തിലെ വികസന പ്രവർത്തനങ്ങൾ അവതാളത്തിലാകുന്ന ടൗൺ മാസ്റ്റർ പ്ലാനിൽ അടിസ്ഥാന മാറ്റങ്ങൾ വരുത്തുന്നതിന് പൊതു സമൂഹത്തിന്റെ സഹകരണത്തോടെ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ഭരണ സമിതി, പ്രതിപക്ഷത്തിന്റെ വിയോജനക്കുറിപ്പോടെ അംഗീകരിച്ച മാസ്റ്റർ പ്ലാൻ സർക്കാർ ഗസറ്റിൽ വിജ്ഞാപനം ചെയ്തികഴിഞ്ഞു. ഇനി അതിൽ മാറ്റം വേണമെങ്കിൽ ഏറെ പ്രയത്‌നിക്കണം. അതിനായി പൊതു സംഘടനകളുടെ പിന്തുണ ആവശ്യമാണെന്നും ചെയർമാൻ വിശദീകരിച്ചു.

കഴിഞ്ഞ ഭരണ സമിതിയുടെ ഗുരുതരമായ വീഴ്ചയാണ് മാസ്റ്റർ പ്ലാനിന് വിനയായത്. കൗൺസിലർമാരുടെ അഭിപ്രായം മാനിക്കാതെ തട്ടിക്കൂട്ടിയ കരട് രേഖയാണ് ഒടുവിൽ ഇപ്പോൾ ഔദ്യോഗിക മാസ്റ്റർ പ്ലാനായി അംഗീകരിച്ചിരിക്കുന്നത്. എന്തുതന്നെ സംഭവിച്ചാലും പൊതു ജനങ്ങൾക്ക് ഹാനികരമാകുന്ന മാസ്റ്റർ പ്ലാൻ അതേപടി അംഗീകരിക്കില്ലെന്നും ചെയർമാൻ വ്യക്തമാക്കി. തങ്ങൾ ഭരണത്തിലിരുന്ന 2013 കാലഘട്ടത്തിലാണ് മാസ്റ്റർ പ്ലാൻ തയ്യാറാകുന്ന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതെന്ന് ചെയർമാനും മറ്റും ചോദ്യത്തിന് മറുപടിയായി വ്യക്തമാക്കി.

വൈസ് ചെയർപേഴ്‌സൺ സിന്ധു ലോജു, ഷിബു വാലപ്പൻ, കൗൺസിലർമാരായ എബി ജോർജ്ജ്, കെ.വി. പോൾ, അഡ്വ. ബിജു ചിറയത്ത് തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.