ചാലക്കുടി: മൂക്കന്നൂർ എടലക്കാട്ടിൽ കനാലിലൂടെ ആനകൾ ഒഴുകിയെത്തി. മൂന്ന് വലിയവയും ഒരു കുട്ടിയാനയുമാണ് തിങ്കളാഴ്ച പുലർച്ചെ ഒഴുകിവന്നത്. കാലടി പ്ലാന്റേഷനിലെ എണ്ണപ്പനത്തോട്ടത്തിൽ വച്ചാണ് ഇവ ഏഴാറ്റുമുഖം കനാലിൽ വീണത്. ആദ്യം കുട്ടിയാന കാൽതെറ്റി വീഴുകയായിരുന്നുവെന്ന് കരുതുന്നു. ഇതിനെ രക്ഷിക്കാനുള്ള ശ്രമത്തിൽ മറ്റ് മൂന്നാനകൾ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ആനകൾ കിലോ മീറ്ററുകളോളം ഒഴുകിപ്പോയ ശേഷം ആനാട്ട് ചോല ഭാഗത്ത് എത്തുകയായിരുന്നു. കനാൽ ശാഖകളായി തിരിയുന്ന ഇവിടെ വച്ച് ആനകൾ കരയ്ക്ക് കയറുകയും ചെയ്തു. പിന്നീടിവ കൃഷിയിടത്തിലേക്ക് കടന്നു. വനപാലകരെത്തി എറെ പരിശ്രമിച്ചിട്ടും ആനക്കൂട്ടത്തെ കാട്ടിലേക്ക് കയറ്റി വിടാനായില്ല.
281 പേർക്ക് കൊവിഡ്
തൃശൂർ: 677 പേർ രോഗമുക്തരായപ്പോൾ തിങ്കളാഴ്ച 281 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5,206 ആണ്. തൃശൂർ സ്വദേശികളായ 78 പേർ മറ്റ് ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 76,004 ആണ്. 70,253 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്. സമ്പർക്കം വഴി 273 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ മൂന്ന് ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ഒരാൾക്കും, രോഗ ഉറവിടം അറിയാത്ത നാല് പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.