കുന്നംകുളം: കുന്നംകുളത്ത് ജില്ലാ നേതൃത്വത്തെ വെല്ലുവിളിച്ച് എ ഗ്രൂപ്പ് രഹസ്യയോഗം വിളിച്ചുചേർത്തു. യോഗത്തിൽ ഒ.അബ്ദുറഹിമാൻകുട്ടി, കെ.പി. വിശ്വനാഥൻ എന്നിവർക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. കുന്നംകുളത്ത് എ ഗ്രൂപ്പിന് തിരഞ്ഞെടുപ്പിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് സ്ഥാനാർത്ഥി നിർണയ സമയത്ത് തന്നെ പ്രവർത്തകർക്ക് പരാതി ഉണ്ടായിരുന്നു. ജില്ലാ നേതൃത്വം ഇടപെട്ട് അവ പരിഹരിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാകുകയാണ് ചെയ്തത്. ഒ. അബ്ദുറഹ്മാൻകുട്ടിയും കെ.പി. വിശ്വനാഥനും ചേർന്ന് പേയ്‌മെന്റ് സീറ്റുകൾ നൽകിയും ജാതിയും മതവും നോക്കിയുമാണ് സ്ഥാനാർത്ഥി നിർണയം അന്തിമമാക്കിയതെന്ന് യോഗത്തിൽ വിമർശനമുയർന്നു. ഗ്രൂപ്പ് നേതൃത്വത്തിനെതിരെ പരാതി നൽകുവാൻ ഒരുങ്ങുകയാണ് കുന്നംകുളത്തെ എ ഗ്രൂപ്പ് പ്രവർത്തകർ.