തൃശൂർ: ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകാനും വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും ഗ്രാമകം പദ്ധതിയുമായി കുടുംബശ്രീമിഷൻ രംഗത്ത്. ക്ഷേമപെൻഷനുകൾ, ഇൻഷ്വറൻസ്, തൊഴിലുറപ്പ് തുടങ്ങിയ ക്ഷേമപദ്ധതികളുടെ വ്യാപനം, കൃഷി, മൃഗപരിപാലനം, ചെറുകിട സംരംഭങ്ങൾ, വിപണനം, വ്യക്തികൾക്കും ഗ്രൂപ്പുകൾക്കുമുള്ള മറ്റ് ഉപജീവനപദ്ധതികൾ എന്നിവയ്ക്ക് ഗ്രാമകം ഊന്നൽ നൽകും. ഗ്രാമങ്ങൾ നേരിടുന്ന പരിസ്ഥിതി പ്രശ്‌നങ്ങൾ, മലിനീകരണം, ജീവിതശൈലി പ്രശ്‌നങ്ങൾ എന്നിവയ്ക്ക് പരിഹാരം കാണുക, പ്രകൃതി വിഭവങ്ങളുടെ സംരംക്ഷണം വികസനം എന്നിവയും ഗ്രാമകത്തിന്റെ ഭാഗമാണ്.
സാധാരണക്കാരുടെ അതിജീവനാവശ്യങ്ങൾക്ക് മുഖ്യപരിഗണന നൽകിയും സമൂഹത്തിന്റെ പൊതുപുരോഗതിക്ക് ആവശ്യമായവ കണ്ടെത്തിയും തയ്യാറാക്കുന്ന ദാരിദ്ര്യ ഗ്രാമീണ ലഘൂകരണ പദ്ധതിയായാണ് ഗ്രാമകത്തിന്റെ വിഭാവനം. പദ്ധതി രൂപീകരണം തൃശൂർ ജില്ലയിൽ പുരോഗമിക്കുന്നു.
പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുമായി സംയോജിപ്പിച്ച് നടപ്പാക്കാനുദ്ദേശിക്കുന്ന ഗ്രാമകത്തിന് മുന്നോടിയായുള്ള പ്രത്യേക അയൽക്കൂട്ടങ്ങൾക്ക് ജനുവരി മൂന്നിന് തുടക്കം. ജനുവരി 16നകം വാർഡ് അംഗങ്ങളുടെയും ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റി (എ.ഡി.എസ്)യുടെയും നേതൃത്വത്തിൽ എ.ഡി.എസ് തല പ്ലാനുകൾ തയാറാകും.
ജനുവരി 26ന് 86 ഗ്രാമപഞ്ചായത്തുകളിലെയും കമ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റികൾ (സി.ഡി.എസ്) ക്രോഡീകരിച്ച പദ്ധതികൾ പഞ്ചായത്ത് ഭരണസമിതിക്ക് സമർപ്പിക്കും. സി.ഡി.എസ് ചെയർപഴ്‌സൺമാരാണ് പ്രാദേശിക ദാരിദ്ര്യലഘൂകരണ പദ്ധതികൾ അവതരിപ്പിക്കുക. ഇതിന് മുന്നോടിയായി ജില്ലയിലെ 86 സി.ഡി.എസുകളിലും അംഗങ്ങൾക്കുള്ള പരിശീലനം പൂർത്തിയായി.
1464 എ.ഡി.എസുകളിലെ ഭരണസമിതി അംഗങ്ങൾക്കും പരിശീലനം പുരോഗമിക്കുന്നു. ജനുവരി ഒമ്പതിനകം അയൽക്കൂട്ടതല പ്ലാനുകൾ തയാറാകും.