mazha

തൃശൂർ: ജില്ലയിൽ ശരാശരി കാലവർഷം ലഭിച്ചെങ്കിലും തുലാവർഷം ചതിച്ചു. ഇത്തവണ 43 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വേനൽക്കാലത്തെ കുടിവെള്ള പ്രശ്‌നം ഒഴിവാക്കുന്നതിനും മറ്റും പ്രധാനമായും തുലാവർഷത്തെയാണ് ആശ്രയിക്കാറുള്ളത്.

ഒക്ടോബർ, നവംബർ, ഡിസംബർ കാലയളവിലെ മഴയാണ് തുലാവർഷക്കണക്കിൽ ഉൾപ്പെടുക. ഇക്കാലയളവിൽ കിട്ടേണ്ടത് 517 മില്ലി മീറ്റർ മഴയാണെങ്കിൽ ലഭിച്ചത് 295 മില്ലി മിറ്റർ മാത്രം. ഒക്ടോബറിലാണ് തുലാവർഷം ഏറ്റവും കൂടുതൽ ലഭിച്ചത്. നവംബറിലും ഡിസംബറിലും ശരാശരിയേക്കാൾ വളരെ താഴ്ന്ന നിലയിലാണ് മഴ ലഭിച്ചത്.

സംസ്ഥാനത്ത് മൊത്തം തുലാവർഷത്തിൽ 26 ശതമാനത്തിന്റെ കുറവുണ്ട്. ഇനി മഴയ്ക്കുള്ള സാദ്ധ്യത വളരെ കുറവാണെന്നും വരണ്ട കാലവസ്ഥയിലേക്ക് നീങ്ങി തുടങ്ങിയെന്നും നിരീക്ഷകർ പറയുന്നു. ഒക്ടോബർ അവസാനത്തിലും നവംബറിലും ന്യൂനമർദ്ദത്തെ തുടർന്ന് കനത്ത മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ് ഉണ്ടായെങ്കിലും ലഭിച്ചില്ല.

രണ്ട് തവണ ജില്ലയിൽ ജില്ലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു. മൺസൂൺ കാലത്ത് ശക്തമായ മഴ ലഭിച്ചതിനെ തുടർന്ന് ജില്ലയിലെ എല്ലാ ഡാമുകളും തുറന്ന് വെള്ളം ഒഴുക്കി വിട്ടിരുന്നു. ന്യൂനമർദ്ദത്തെ തുടർന്ന് മഴ ലഭിക്കുമെന്ന മുന്നറിയിപ്പ് വന്നപ്പോഴും ഡാമുകൾ തുറന്ന് അപകടകരമായ സ്ഥിതി വിശേഷം ഒഴിവാക്കാൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും ന്യൂനമർദ്ദം ശക്തിപ്രാപിക്കാത്തതിനെ തുടർന്ന് ഷട്ടറുകൾ തുറക്കേണ്ടി വന്നില്ല.

തുലാവർഷത്തിന്റെ പ്രത്യേകതയായ ഇടിവെട്ടും മിന്നലും ഇത്തവണ ഉണ്ടായില്ല. തുലാവർഷത്തിന്റെ കുറവ് പലയിടങ്ങളിലും രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തൽ.

തുലാവർഷ മഴക്കണക്ക്