തൃശൂർ: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി എത്തിയതോടെ ജില്ലയിലെ കോഴിക്കർഷകർ ആശങ്കയിൽ. ജില്ലയിൽ ഇതുവരെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സമീപ ജില്ലകളിൽ രോഗമുണ്ടായതാണ് ഭീതിയുണ്ടാക്കുന്നത്. ചെറിയ ഫാമുകളായും വീടുകളിലുമായി കോഴി വളർത്തുന്നവർ പക്ഷിപ്പനി മൂലം ഭീതിയിലാണ്. ജില്ലയിൽ ഇത്തരത്തിൽ 50 ലേറെ കോഴി ഫാമുകൾ പ്രവർത്തിക്കുന്നുണ്ട്.
ബാങ്കുകളിൽ നിന്ന് ലോണെടുത്തും പണം കടം വാങ്ങിയുമാണ് ഇത്തരത്തിലുള്ളവർ ഇറച്ചിക്കോഴി വളർത്തുന്നത്. മിക്കതും ചെറിയ ഫാമുകളാണ്. ഇറച്ചിക്കോഴി കിലോയ്ക്ക് 50 രൂപയ്ക്ക് മുകളിലെങ്കിലും ലഭിച്ചാൽ മാത്രമേ മുടക്കുമുതൽ ലഭിക്കുകയുള്ളൂ. എന്നാൽ ഇടയ്ക്കിടെയുണ്ടാകുന്ന പക്ഷിപ്പനി സ്വപ്‌നങ്ങളിൽ കരിനിഴൽ വീഴ്ത്തുകയാണ്.
സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച രോഗത്തിന് പെട്ടെന്നൊന്നും ശമനമുണ്ടാകില്ലെന്ന ഭീതി കർഷകരെ അലട്ടുന്നുണ്ട്. പക്ഷിപ്പനി വിവിധ ജില്ലകളിലേക്ക് പടരുന്നതാണ് ആശങ്ക. കോഴിവില കുത്തനെ ഇടിയുമെന്നും കർഷകർ ഭയക്കുന്നു. ചൊവ്വാഴ്ച ഇറച്ചിക്കോഴിക്ക് ജില്ലയിൽ കിലോയ്ക്ക് 114 രൂപയായിരുന്നു. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് കോഴി വില 100 മുകളിലേക്ക് കയറിയത്.
പുതുവർഷ സമയത്താണ് കോഴി വില 100 കടന്നത്. കൊവിഡിന്റെ തുടക്കകാലത്ത് പക്ഷിപ്പനിയുണ്ടായപ്പോൾ കിലോയ്ക്ക് 50 രൂപയിൽ താഴെയായിരുന്നു. ആ സമയങ്ങളിൽ ഇറച്ചിക്കോഴി വിൽപ്പന സാധാരണയേക്കാൾ നേർപകുതി പോലുമില്ലാതിരുന്നു. പക്ഷിപ്പനി മനുഷ്യരിലേക്ക് എത്തുമോയെന്ന ആശങ്കയിൽ ആളുകൾ ഇറച്ചിക്കോഴി വാങ്ങുന്നതിൽ നിന്നും പിന്തിരിയുകയായിരുന്നു. കൊവിഡ് വ്യാപനവും തിരിച്ചടിയായി.
വീണ്ടും പക്ഷിപ്പനിയെത്തിയതോടെ കോഴിവില കുത്തനെ ഇടിയുമോയെന്ന ആധിയിലാണ് കർഷകർ. ഇറച്ചിക്കോഴി വാങ്ങുന്നവരുടെ എണ്ണത്തിൽ ഇടിവുണ്ടാകുമോയെന്ന ആശങ്കയും കോഴി കർഷകരിലുണ്ട്.