covid

നിലവിൽ ആശങ്കയില്ല, വന്നവരിൽ രണ്ട് പേർക്ക് മാത്രം കൊവിഡ്


തൃശൂർ: അതിതീവ്ര കൊവിഡ് ബാധയുള്ള യു.കെയിൽ നിന്നും ജില്ലയിൽ എത്തിയത് ഇരുനൂറോളം പേർ. രണ്ടാഴ്ചയ്ക്കകം എത്തിയ ഇവരിൽ മുഴുവൻ പേരുടെയും സാമ്പിൾ പരിശോധിച്ചു. രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകിരിച്ചു. എന്നാൽ ജനിതകമാറ്റം വന്ന അതിതീവ്ര വൈറസ് ബാധ രണ്ടുപേർക്കുമില്ല. ജില്ലയുടെ വിവിധയിടങ്ങളിൽ ക്വാറന്റൈനിൽ കഴിയുകയാണ് എത്തിയവർ.

വിമാനത്താവളങ്ങളിൽ നിന്നുമുള്ള റൂട്ടുമാപ്പുകളുടെ പരിശോധനയും കർശനമായി തുടരുന്നുണ്ട്. നേരത്തെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തി തുടർന്ന് കോഴിക്കോടിലേക്ക് ജില്ലയിലൂടെ കടന്നുപോയവരെ അടക്കം നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നു. ഫെബ്രുവരി പകുതിവരെ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ യു.കെയിൽ നിന്നുള്ള വരവ് കുറയുന്നത് അധികൃതർക്ക് ആശ്വാസകരമാണെന്ന നിലപാടാണ് ജില്ലാ ആരോഗ്യ അധികൃതർക്കുള്ളത്.

തിരക്കേറുന്നു, ജാഗ്രത വേണം

തിയറ്ററുകൾ തുറക്കാനും ഉത്സവങ്ങൾ എന്നിവ നടത്താനുമുള്ള അനുമതി ലഭിച്ചതോടെ കൂടുതൽ പേർ കൂട്ടം കൂടാനുള്ള സാഹചര്യം നിലനിൽക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇവിടെ സാമൂഹിക അകലം പാലക്കുന്നത് പലപ്പോഴും സാദ്ധ്യമാകില്ലെന്ന വിലയിരുത്തലാണുള്ളത്. ഇത് രോഗ വ്യാപനത്തിന് ഇടയാക്കിയേക്കും.

പത്ത്, പ്ലസ് ടു, കോളേജുകൾ തുറന്നതോടെ ബസുകളിലും മറ്റും തിരക്കേറി തുടങ്ങി. സ്‌കൂളുകളിൽ ഓരോ വിദ്യാർത്ഥിക്കും മൂന്നു ദിവസം മാത്രമെ ആഴ്ചയിൽ ക്ലാസ് എടുക്കുന്നുള്ളു. ഒരു തരത്തിലും മാസ്‌ക് ഉപയോഗത്തിൽ അലംഭാവം പാടില്ലെന്ന കർശന നിർദ്ദേശം ആരോഗ്യ വകുപ്പ് കൊടുക്കുന്നുണ്ട്. സ്‌കൂളുകളിൽ ദിവസവും ശരീരോഷ്മാവ് പരിശോധിച്ച ശേഷം മാത്രമേ വിദ്യാർത്ഥികളെ അകത്തേക്ക് കയറ്റി വിടുന്നുള്ളൂ. അതേ സമയം ക്ലാസ് മുറികളിൽ സാമൂഹിക അകലം ഉണ്ടെങ്കിലും പുറത്തിറങ്ങിയാൽ ഇവർ കൂട്ടം കൂടിയാണ് പോകുന്നതെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.

ജാഗ്രതയിൽ ആരോഗ്യ വിഭാഗം

രാജ്യത്ത് തന്നെ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച ജില്ലയായ തൃശൂരിൽ ജനതിക മാറ്റ വൈറസ് ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ലായെന്നത് ആശ്വാസം നൽകുന്നു. അതേ സമയം പുതിയ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ശക്തമായ മുൻകരുതലുകളുമാണ് ആരോഗ്യ വിഭാഗം മുന്നോട്ട് പോകുന്നത്.

യു.കെ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരെ പ്രത്യേക നിരീക്ഷണത്തിന് വിധേയരാക്കുന്നുണ്ട്. കൊവിഡ് വാക്‌സിൻ സംബന്ധിച്ച പലിശീലനവും ഇതിനിടെ നടന്നു വരുന്നുണ്ട്. ആദ്യ ഘട്ടത്തിൽ 25000 പേർക്കാണ് വാക്‌സിൻ നൽകുന്നതിനായുള്ള റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

ജനിതക വൈറസ് സംബന്ധിച്ച് ആരോഗ്യ വിഭാഗം കടുത്ത ജാഗ്രതയാണ് പുലർത്തുന്നത്. നിലവിൽ ആശങ്കയില്ല. വിദേശത്ത് നിന്ന് വരുന്നവരെ കർശനമായി നിരീക്ഷിക്കുന്നുണ്ട്.
- കെ.ജെ.റീന, ഡി.എം.ഒ