കൊടുങ്ങല്ലൂർ: നഗരസഭയിലെ രണ്ടാമത്തെ കൊവിഡ് ചികിത്സാ കേന്ദ്രം പുല്ലൂറ്റ് മുസിരിസ് കൺവെൻഷൻ സെൻ്ററിൽ നഗരസഭ ചെയർപേഴ്സൺ എം.യു ഷിനിജ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.ആർ ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു. മുസിരിസ് പ്രൊജക്ട് എം.ഡി പി.എം നൗഷാദ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ടി.വി റോഷ്, വാർഡ് കൗൺസിലർ പി.എൻ വിനയചന്ദ്രൻ, ടി.എസ് സജീവൻ, വി.എം ജോണി, ഡോ. ഗായത്രി വിജയരാഘവൻ എന്നിവർ പ്രസംഗിച്ചു. ഇവിടെ രോഗികളെ ചികിത്സിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും നഗരസഭ മാസങ്ങൾക്ക് മുമ്പേ ഒരുക്കിയിരുന്നു. ഇവിടേക്കാവശ്യമായ ഡോക്ടർമാരെയും അമ്പതോളം സ്റ്റാഫിനെയും നിയമിച്ചുകഴിഞ്ഞു. അവർക്ക് താമസിക്കുന്നതിനും ഈ കേന്ദ്രത്തിൽ തന്നെ സൗകര്യമൊരുക്കി. എല്ലാവർക്കും നഗരസഭയാണ് ഭക്ഷണം നൽകുക. വാട്ടർ ഫിൽറ്റർ, ടി.വി, ഫ്രിഡ്ജ് തുടങ്ങിയവ വിവിധ സന്നദ്ധ സംഘടനകളും മറ്റും സ്പോൺസർ ചെയ്തിട്ടുണ്ട്.