temple

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്താൻ വി.ആർ സുനിൽ കുമാർ എം.എൽ.എ വിളിച്ചു ചേർത്ത ഉന്നതതല യോഗം തീരുമാനിച്ചു. ക്ഷേത്രത്തിന് പുറത്ത് നടക്കുന്ന എഴുന്നള്ളിപ്പിൽ ഒരു ആനയെ മാത്രമേ അനുവദിക്കുകയുള്ളൂ. എഴുന്നള്ളിപ്പിൽ പരമാവധി പത്ത് പേർക്ക് പങ്കെടുക്കാം. ക്ഷേത്രത്തിനകത്തെ എഴുന്നള്ളിപ്പിൽ മൂന്ന് ആനകളെ അണിനിരത്താം.

ക്ഷേത്രത്തിനകത്ത് പരമാവധി ഇരുന്നൂറ് പേർക്കാണ് പ്രവേശനമുണ്ടാകുക. ക്ഷേത്രവളപ്പിലും പരിസരത്തും ഉത്സവ കച്ചവടം അനുവദിക്കില്ലെന്നും യോഗം വ്യക്തമാക്കി. മിനി സിവിൽ സ്റ്റേഷൻ ഹാളിൽ നടന്ന യോഗത്തിൽ വി.ആർ സുനിൽ കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ എം.യു ഷിനിജ, വൈസ് ചെയർമാൻ കെ.ആർ ജൈത്രൻ, തഹസിൽദാർ രേവ, ദേവസ്വം ഓഫീസർ യഹുൽദാസ്, ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.ആർ രാജേഷ് എന്നിവർ സംസാരിച്ചു.