തൃപ്രയാർ: തളിക്കുളം തമ്പാൻകടവിൽ നിന്നും മത്സ്യബന്ധനത്തിനിറങ്ങിയ വള്ളം മറിഞ്ഞ് നാല് പേരെ കാണാതായി. പ്രദേശവാസികളായ ചെമ്പനാടൻ കുട്ടൻ ( (60), കുട്ടൻപാറൻ സുബ്രഹ്മണ്യൻ ( 60), അറക്കവീട്ടിൽ ഇക്ബാൽ ( 50), ചെമ്പനാടൻ വിജയൻ (55) എന്നിവരെയാണ് കാണാതായത്.
ഇന്നലെ പുലർച്ചെ നാലോടെ പറശ്ശിനിക്കടവ് മുത്തപ്പൻ എന്ന ഫൈബർ വള്ളത്തിലാണ് ഇവർ മത്സ്യബന്ധനത്തിനിറങ്ങിയത്. രാവിലെ 8.30 ഓടെയാണ് വള്ളം മുങ്ങിയതായി മറ്റ് മത്സ്യതൊഴിലാളികൾക്ക് വിവരം ലഭിക്കുന്നത്. കരയിൽ നിന്നും 11 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് വള്ളം മുങ്ങിയത്. വള്ളത്തിലുണ്ടായിരുന്നവർ തന്നെയാണ് കരയിലേക്ക് വിവരം നൽകിയതും.
എന്നാൽ പിന്നീട് ഇവരെ ബന്ധപ്പെടാനായില്ല. തുടർന്ന് ചേറ്റുവ, അഴീക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള കോസ്റ്റൽ പൊലീസും മത്സ്യതൊഴിലാളികളും ചേർന്ന് തെരച്ചിൽ നടത്തി. കരയിൽ നിന്നും 15 കിലോമീറ്റർ അകലെ അവശരായ ഓരോരുത്തരെയായി കണ്ടെത്തി. തളിക്കുളം സ്വദേശിയായ എരണേഴത്ത് പടിഞ്ഞാറ്റയിൽ സുബിൻ മകൻ ദേവാങ്ക് ഡ്രോൺ ഉപയോഗിച്ചതിനെ തുടർന്ന് തൊഴിലാളികളെ കണ്ടെത്തുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിന് സഹായകമായത് ഡ്രോൺ ഉപയോഗമാണ്. പിന്നീട് മത്സ്യതൊഴിലാളികളെത്തി ഓരോരുത്തരെയായി രക്ഷപ്പെടുത്തി കരയ്ക്കെത്തിക്കുകയായിരുന്നു. ഉച്ചതിരിഞ്ഞ് രണ്ടരയോടെ നാല് പേരെയും സുരക്ഷിതമായി കരയ്ക്കെത്തിച്ചു. കനത്ത കാറ്റിൽ വള്ളം മറിയുകയായിരുന്നുവെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പറഞ്ഞു. പിന്നീട് നാലു പേരെയും തൃശൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗീതാഗോപി എം.എൽ.എ, ജില്ലാ പഞ്ചായത്തംഗം പി.എം അഹമ്മദ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി പ്രസാദ്, തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ സജിത എന്നിവർ സ്ഥലത്തെത്തിയിരുന്നു.