തൃശൂർ: സംസ്ഥാനത്ത് താറാവുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ കൺട്രോൺ റൂം ആരംഭിച്ചു. ജില്ലയിൽ പക്ഷിപ്പനിയെ സംബന്ധിച്ച് കർഷർക്ക് ഭയാശങ്കകൾ അകറ്റുന്നതിന് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലാണ് കൺട്രോൾ റൂം തുറന്നത്. പക്ഷികളുടെ കൂട്ടത്തോടെയുള്ള / അസ്വാഭാവിക മരണം ശ്രദ്ധയിൽപ്പെടുന്ന സാഹചര്യത്തിൽ പഞ്ചായത്ത് തല വെറ്ററിനറി ഓഫീസറെ അടിയന്തരമായി പെതു ജനങ്ങൾ അറിയിക്കണമെന്ന് മൃഗസംരക്ഷണ ഓഫീസർ ഡോ. ഒ.ജി. സുരജ അറിയിച്ചു. ഫോൺ: 048724 24223.
ജില്ലയിൽ കോൾ നിലങ്ങൾ ധാരാളമുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പഞ്ചായത്ത് തലത്തിൽ മുൻ കരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട മാർഗരേഖ പ്രകാരം എല്ലാ ജില്ലകളിലും നടപടി സ്വീകരിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. എച്ച് 5 എൻ 8 സബ് ടൈപ്പിലുള്ള വൈറസ് ബാധയാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഈ സബ് ടൈപ്പ് മനുഷ്യരിൽ ഇതുവരെ റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിൽ ഭയാശങ്കകൾ ആവശ്യമില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ അറിയിച്ചു.