ചാവക്കാട്: ചേറ്റുവ പുഴയിലുണ്ടായ ശക്തിയായ വേലിയേറ്റത്തെ തുടർന്ന് പുഴയിലെ ഉപ്പുവെള്ളം കരയിലേക്ക് കയറി. മുനയ്ക്കകടവ് റോഡ്, ചാപ്‌ളിമാട് പ്രദേശം തുടങ്ങി ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ ഉപ്പുവെള്ളം കയറിയതോടെ നാട്ടുകാർ ദുരിതത്തിലായി. ചേറ്റുവയിൽ നിന്ന് മുനയ്ക്കകടവിലേക്ക് പോകുന്ന റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ആ ഭാഗത്തുള്ള വീട്ടുകാർക്കും മത്സ്യത്തൊഴിലാളികൾക്കും യാത്രാ ദുരിതം അനുഭവപ്പെട്ടു. കടപ്പുറം പഞ്ചായത്തിലെ വട്ടേക്കാട് പ്രദേശത്തും ശക്തിയായ വേലിയേറ്റത്തെ തുടർന്ന് നിരവധി വീടുകളും ഫലവൃക്ഷങ്ങളും വെള്ളക്കെട്ടിലായി. വെള്ളം കെട്ടി നിൽകുന്നതിനാൽ നാശനഷ്ടങ്ങൾക്ക് സാധ്യത ഏറെയാണ്.
ചേറ്റുവ പാടം പ്രദേശത്തെ പുഴയുടെ വശം കല്ല് കെട്ടി ഉയർത്തണമെന്ന് ഇറിഗേഷൻ ഉദ്യോഗസ്ഥന്മാരോടും എം.എൽ.എ, എം.പി തുടങ്ങിയവരോടും ആവശ്യപെട്ടിട്ടും ഇതുവരേയും യാതൊരു പരിഹാരവും കണ്ടിട്ടില്ല. അടിയന്തരമായി ഇതിനു വേണ്ട ഫണ്ട് അനുവദിച്ച് പണികൾ ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.