ചാലക്കുടി: മണ്ഡലത്തിലെ വൈലാത്ര എസ്.സി കോളനിയിൽ സമഗ്ര വികസനത്തിനായി ഒരു കോടി രൂപ അനുവദിച്ചതായി ബി.ഡി. ദേവസ്സി എം.എൽ.എ അറിയിച്ചു. അംബേദ്കർ ഗ്രാമ വികസന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് കോടശ്ശേരി പഞ്ചായത്തിലെ ഈ കോളനിയിൽ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുക. ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല. ജില്ലാപട്ടികജാതി വികസന ഓഫീസറുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുക. നിർവഹണത്തിനായി ഗുണഭോക്താക്കളുടെ യോഗം ഇന്ന് 10ന് ചേരുമെന്നും എം.എൽ.എ. അറിയിച്ചു. നേരത്തെ കാഞ്ഞിരപ്പിള്ളി, കലിക്കൽകുന്ന്, കുറ്റിച്ചിറ, തൃപ്പാപ്പിള്ളി, പുലിപ്പാറകുന്ന്, എസ്.സി കോളനികളിലും അംബേദ്കർ ഗ്രാമ വികസന പദ്ധതി നടപ്പാക്കുന്നതിനു നടപടി സ്വീകരിച്ചിരുന്നു.