ചാലക്കുടി: മണ്ഡലത്തിലെ വിവിധ വികസന പ്രവർത്തനങ്ങളുടെ അവലോകന യോഗം ബി.ഡി. ദേവസി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്നു. ജില്ലാ കലക്ടർ എസ്. ഷാനവാസ് ഉദ്യോഗസ്ഥ മേധാവികൾക്ക് വിവിധ നിർദ്ദേശങ്ങൾ നൽകി.
കോടശ്ശേരി പഞ്ചായത്തിലെ ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശങ്ങൾ കൃത്യമായി നിശ്ചയിക്കുന്നതിനും പരിസ്ഥിതി ദുർബലമായി കണക്കാക്കാത്ത പ്രദേശങ്ങളെ നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കുന്നതിന് നടപടി വേണമെന്നും ജില്ലാ ജിയോളജി ഓഫീസർ, ജില്ലാ മണ്ണുസംരക്ഷണ ഓഫീസർ എന്നിവരോട് യോഗത്തിൽ നിർദ്ദേശിച്ചു. വിവിധ റോഡുകൾ, പാലങ്ങൾ എന്നിവയുടെ നിർമ്മാണത്തിനുണ്ട തടസ്സങ്ങൾ നീക്കുന്നതിനു അടിയന്തര നടപടികൾ സ്വീകരിക്കും. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള കണക്ഷൻ നൽകുന്ന ജലജീവൻ പദ്ധതിയുടെ നടത്തിപ്പിനായി പഞ്ചായത്തു തലത്തിൽ യോഗംവിളിച്ചു ചേർത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കൽ, റോഡുനിർമ്മാണത്തിന് തടസ്സമായി നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ നീക്കൽ, ചാലക്കുടിപ്പുഴയിൽ, തുമ്പൂർമുഴി ഇടതുകര വലതുകര കനാലുകളിൽ ജലലഭ്യത ഉറപ്പുവരുത്തുന്നതിന് ജനറേഷൻ ക്രമീകരിക്കാൻ എന്നിവക്കും തീരുമാനമായി.
കിഫ്ബി പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കും. സ്‌കൂളുകൾ, ഹോസ്റ്റൽ എന്നീ കെട്ടിടങ്ങളുടെ നിർമ്മാണവും ഉടൻ പൂർത്തിയാക്കാനുള്ള തീരുമാനങ്ങളും കൈക്കൊണ്ടു.
പഞ്ചായത്ത് പ്രസിഡന്റുമാരായ അമ്പിളി സോമൻ, എം.എസ്. സുനിത, പി.സി. ബിജു, പ്രിൻസി ഫ്രാൻസീസ്, കെ.കെ. റിജേഷ്, എൻ.എസ്. മായ, സൂപ്രണ്ടിംഗ് എൻജിനിയർ കെ.ടി. ബിന്ദു, ഉദ്യോഗസ്ഥരായ പി.വി. ബിജി, വി.പി. ഷിന്റോ, പൗളി പീറ്റർ, ബിന്ദു സുകുമാരൻ എന്നിവർ പങ്കെടുത്തു.