തൃശൂർ: ഉത്സവങ്ങൾ നിയന്ത്രണങ്ങളോടെ കലാപരിപാടികൾ ഉൾപ്പെടെ ചേർത്ത് നടത്താൻ അനുമതി ഉണ്ടെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ചടങ്ങിൽ ഒതുക്കാൻ നിർബന്ധിതരായി ക്ഷേത്ര സമിതികൾ. ജില്ലയിൽ സെപ്റ്റംബർ മുതൽ മെയ് വരെ ഉള്ള കാലയളവിൽ ചെറുതും വലുതുമായ ആയിരത്തിലേറെ ഉത്സവങ്ങൾ ആണ് ഉള്ളത്. കഴിഞ്ഞ ഏതാനും ആഴ്ച്ചകൾക്കുള്ളിൽ അമ്പതോളം ഉത്സവങ്ങൾ മാത്രമാണ് ആനകളെ ഉൾപ്പെടുത്തി നടന്നിട്ടുള്ളത്. വരും ദിവസങ്ങളിൽ പാറമേക്കാവ്, തിരുവമ്പാടി വേലകൾ എല്ലാം തന്നെ ചടങ്ങ് മാത്രമായി നടത്താനാണ് തീരുമാനം. ഏതു രീതിയിൽ ആഘോഷം നടത്തണമെന്ന ആശയകുഴപ്പവും നില നിൽക്കുന്നു. ക്ഷേത്രങ്ങളിൽ വരുമാനം കുറഞ്ഞതും ആഘോഷങ്ങൾ കുറക്കാൻ കമ്മിറ്റികൾ നിർബന്ധിതരാകുന്നു.
മധ്യ കേരളത്തിലെ ഏറ്റവും പ്രധാന ഉത്സവങ്ങളായ മകര ചൊവ്വ, ഉച്ചാൽ മഹോത്സവങ്ങൾ, പറപ്പൂകാവ് പൂരം, ഊത്രാളികാവ് പൂരം, മച്ചാട് മാമാങ്കം എന്നിവ ജനുവരി വരി ഫെബ്രുവരി മാസങ്ങളിൽ നടക്കാനുള്ളതാണ്. എന്നാൽ ഇവയൊന്നും എങ്ങനെ നടത്തണം എന്നത് സംബന്ധിച്ചു അന്തിമ തീരുമാനം എടുത്തിട്ടില്ല. കഴിഞ്ഞ വർഷം ഈ ഉത്സവങ്ങൾ നടത്താൻ സാധിച്ചിരുന്നു. തൃശൂർ പൂരം, ആറാട്ടുപുഴ പൂരം, കൂടൽ മാണിക്യം ഉത്സവം, പാവറട്ടി തിരുനാൾ എന്നിവയാണ് കോവിഡിനെ തുടർന്ന് ഉപേക്ഷിച്ചത്. തൃശൂർ പൂരം ഒരു ആനയെ ഉൾപ്പടുത്തി നടത്തിയിരുന്നു. ഇത്തവണ ഭൂമിയിലെ ഏറ്റവും വലിയദേവമേള എന്ന് അറിയപ്പെടുന്ന ആറാട്ടുപുഴ പൂരം നടത്താൻ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഏതു തരത്തിൽ നടത്തണം എന്ന് തീരുമാനം എടുത്തിട്ടില്ല.
പരമാവധി 3 ആനകൾ
ക്ഷേത്ര ചടങ്ങുകളുടെ ഭാഗമായി 3 ആനകളെ അണിനിരത്തി ഉത്സവങ്ങൾ നടത്താനുള്ള അനുമതി മാത്രമാണ് വനം വകുപ്പ് നൽകുന്നത്. പറയെടുപ്പുകളും മറ്റും ദൂരെ സ്ഥലങ്ങളിലേക്ക് പോകുന്നതിനുള്ള അനുവാദം ഇല്ല. ഒഴിച്ചു കൂടാനാവാത്ത ചടങ്ങുകൾക്ക് ഒരാനയെ മാത്രം ഉപയോഗിക്കാൻ അനുമതി നൽകുന്നുണ്ട്. എന്നാൽ വാദ്യകാർ അടക്കം 15 പേരിൽ കൂടുതൽ പാടില്ല
അനുമതി വാങ്ങണം
ആന എഴുന്നള്ളിപ്പ് നടത്താൻ ഉദ്ദേശ്ശിക്കുന്നവർ വനം വകുപ്പിൽ നിന്ന് അനുമതി വാങ്ങണമെന്ന് അസി. ഫോറെസ്റ്റ് കൺസർവെറ്റർ പി എം. പ്രഭു പറഞ്ഞു. കൂടാതെ പൊലീസ്, ആരോഗ്യ വകുപ്പ് എന്നിവരുടെ അനുമതിയും വാങ്ങണം.