കയ്പമംഗലം:കളപ്പുരക്കൽ ചന്ദ്രന്റെ അപൂർവ്വനാണയ ശേഖരം ആറന്മുള പൈതൃകഗ്രാമ മ്യൂസിയത്തിലേക്ക്. പാഴ് വസ്തുക്കളിൽ നിന്ന് കരകൗശല വസ്തുക്കളും നിത്യോപയോഗ സാമഗ്രികളും നിർമ്മിച്ച് ശ്രദ്ധേയനായ പെരിഞ്ഞനം ഓണപ്പറമ്പ് സ്വദേശി കളപ്പുരക്കൽ ചന്ദ്രന്റെ അപൂർവ്വ നാണയ ശേഖരം ഇനി ആറന്മുള പൈതൃകഗ്രാമത്തിലെ മ്യൂസിയത്തിന് സ്വന്തം. പൂക്കാവടികൾ, തെയ്യം, ഫ്‌ളവർ വേയ്‌സ്, മൊബൈൽ സ്റ്റാൻഡ്, പുള്ളുവൻ കുടം, കൊതുമ്പുവള്ളം, വിവിധങ്ങളായ ചൂലുകൾ തുടങ്ങി അനവധി വസ്തുക്കളാണ് ഇദ്ദേഹം പാഴ്‌വസ്തുക്കളിൽ നിന്നും നിർമ്മിക്കുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം നാട് വിട്ട ചന്ദ്രൻ ഇന്ത്യയിലെ വിവിധങ്ങളായ സംസ്ഥാനങ്ങളിൽ സഞ്ചരിക്കുകയും നിരവധി കരകൗശല വ്യാപാര സ്ഥാപനങ്ങളിലും മ്യൂസിയങ്ങളിലും ജോലി ചെയ്യുകയും സ്വയമാർജ്ജിച്ചെടുത്ത കഴിവുകൾ വികസിപ്പിക്കുകയും ചെയ്തതിലൂടെയാണ് നാട്ടിലെത്തിയ ശേഷം ഈ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വളരെ പഴക്കം ചെന്നതും പുതിയതുമായ 100 കണക്കിന് നാണയങ്ങളുടയും നോട്ടുകളുടെയും ശേഖരവും ഇദ്ദേഹത്തിന് സ്വന്തമായുണ്ട് . സ്‌കൂളുകൾ ലൈബ്രറികൾ, സാംസ്‌കാരിക കൂട്ടായ്മകൾ, കുട്ടികളുടെ ക്യാമ്പുകൾ എന്നിവിടങ്ങളിൽ പ്രദർശനത്തിനും പരിശീലനങ്ങൾക്കുമായി ഇദ്ദേഹം പങ്കെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ ചന്ദ്രന്റെ വസതി സന്ദർശിച്ച് ആദരിച്ചിരുന്നു.കുമ്മനത്തിൽ നിന്ന് പൈതൃകഗ്രാമ മ്യൂസിയത്തിനെ കുറിച്ച് അറിയുകയും തന്റെ ശേഖരത്തിലെ അപൂർവ്വനാണയങ്ങൾ സമർപ്പിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയുമായിരുന്നു.