film-fest

തൃശൂർ: ഇന്റർനാഷണൽ ഫോക്‌ലോർ ഫിലിം ഫെസ്റ്റിവലിന്റെ നാലാം പതിപ്പ് ജനുവരി 8, 9, 10 തീയതികളിൽ തൃശൂരിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ഫിസിക്കലായും ഓൺലൈനായും ഒരേസമയം സിനിമകൾ പ്രദർശിപ്പിക്കുന്ന ഹൈബ്രിഡ് പ്രദർശന രീതിയാണുണ്ടാകുക. സാമൂഹിക അകലം പാലിച്ചേ വേദികളിൽ പ്രദർശനം കാണാൻ അനുവദിക്കൂ. പേര്, ഇമെയിൽ, മൊബൈൽ നമ്പർ എന്നിവ എസ്.എം.എസിലൂടെയോ വാട്‌സ് ആപ്പിലൂടെയോ നൽകുന്നവർക്ക് സിനിമകൾ ഓൺലൈനായി കാണാൻ അവസരമൊരുക്കും. സംഘാടകരായ ചെറിയാൻ ജോസഫ്, കെ.വി അശോകൻ, ഡോ. സി.എസ് ബിജു, എ. രാധാകൃഷ്ണൻ, ബൈജു സി.ബി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

43 രാജ്യങ്ങളിൽ നിന്നായി 150 ഓളം ചിത്രങ്ങൾ

43 രാജ്യങ്ങളിൽ നിന്നായി വ്യത്യസ്ത വിഭാഗങ്ങളിലായി 150 ഓളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. ലാറ്റിനമേരിക്ക, യുറോപ്പ്, ഇന്ത്യ, പശ്ചിമ ഏഷ്യ, സൗത്ത് ഈസ്റ്റ് ഏഷ്യ, ആഫ്രിക്കൻ രാജ്യങ്ങളിൽ തുടങ്ങിയ 43 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.

പ്രദർശനം സെന്റ് തോമസ് കോളേജിൽ

സെന്റ് തോമസ് കോളേജിലെ മൂന്ന് വേദികളിലായാണ് പ്രദർശനം. ഓറഞ്ച് ഫിലിം അക്കാഡമിയുടെ രണ്ട് സ്‌ക്രീനിൽ ഓൺലൈൻ പ്ലാറ്റ് ഫോമിൽ ഓൺലൈൻ പ്രദർശനം നടക്കും. സെമിനാർ, പ്രഭാഷണം, ഫെസ്റ്റിവൽ, ഇ- ബുക്ക് റിലീസ്, ഓപ്പൺ ഫോറം എന്നിവയുമുണ്ടാകും.

മേള ഉദ്ഘാടനം 8 ന്

മേളയുടെ ഉദ്ഘാടനം എട്ടിന് വൈകിട്ട് അഞ്ചിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ നിർവഹിക്കും. മേയർ എം.കെ വർഗീസ് അദ്ധ്യക്ഷനാകും. ഫോക്‌ലോർ അക്കാഡമി ചെയർമാൻ സി.ജെ കുട്ടപ്പൻ, സംവിധായകൻ വി.കെ പ്രകാശ് എന്നിവർ മുഖ്യാതിഥികളാകും.

സംഘാടകർ

തൃശൂർ ചലച്ചിത്ര കേന്ദ്രം, ഐ.എഫ്.എഫ്.ടി, ഓറഞ്ച് ഫിലിം അക്കാഡമി, സെന്റ് തോമസ് കോളേജ് നാട്ടുകലാകാരക്കൂട്ടം, നാഷണൽ യൂത്ത് പ്രൊജക്ട് എന്നിവയുടെ നേതൃത്വത്തിൽ കോർപറേഷൻ, ജില്ലാ പഞ്ചായത്ത്, എഫ്.എഫ്.എസ്.ഐ, കേരള ഫോക്‌ലോർ അക്കാഡമി എന്നിവരാണ് സഹകരിക്കുന്നത്.