iron-fabrication

തൃശൂർ: നിരന്തരമായുള്ള വിലവർദ്ധന മൂലം അയേൺ ഫാബ്രിക്കേഷൻ വ്യവസായം പ്രതിസന്ധിയിലേക്ക്. അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധിക്കുന്നത് മൂലം ക്വട്ടേഷൻ വർക്കുകൾ പോലും ചെയ്യാനാകാത്ത വിഷമാവസ്ഥയിലാണ് മേഖലയിലുള്ളവർ. കൊവിഡ് കാലത്ത് മാത്രം അയേൺ ഫാബ്രിക്കേഷൻ മെറ്റീരിയലുകൾക്ക് 28 ശതമാനമാണ് വില വർദ്ധനയുണ്ടായത്. നേരത്തെ തീരുമാനിച്ചുറപ്പിച്ച വർക്കുകൾക്ക് ഇതുമൂലം എസ്റ്റിമേറ്റ് തുക കൂട്ടേണ്ടി വന്നു. അത് ഉപഭോക്താക്കളുമായുള്ള തർക്കങ്ങൾക്കും വഴിവെച്ചു. അലുമിനിയം ഫാബ്രിക്കേഷൻ മേഖലയുമായി ബന്ധപ്പെട്ട് കേരളത്തിൽ 25,000 ഓളം സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ജില്ലയിൽ 1500 ലേറെ സ്ഥാപനങ്ങളുണ്ട്. പ്രധാനമായും റൂഫിംഗ് ജോലികളാണ് ഇവർ ചെയ്യുന്നത്.

63 രൂപയുണ്ടായിരുന്നത് 85 രൂപ !

അയേൺ ഫാബ്രിക്കേഷൻ സാധനങ്ങൾക്ക് വൻ വില വർദ്ധനവാണുണ്ടായത്. കിലോയ്ക്ക് 63 രൂപയായിരുന്നു മുമ്പ് മെറ്റീരിയലുകൾക്ക് ഉണ്ടായിരുന്നത്. വർക്കുകൾ ചതുരശ്ര അടിയ്ക്ക് 90 രൂപയ്ക്കായിരുന്നു ചെയ്ത് നൽകിയിരുന്നത്. ഇപ്പോൾ മെറ്റീരിയലുകളുടെ വില 85 രൂപയാണ്. വർക്കുകൾക്ക് ചതുരശ്ര അടിക്ക് 120 രൂപയാണ് ഈടാക്കേണ്ടി വരുന്നത്. അയേൺ ഫാബ്രിക്കേഷൻ മെറ്റീരിയലുകൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ മാത്രം ഏഴ് ശതമാനമാണ് വില വർദ്ധനയുണ്ടായത്.

അനുബന്ധ സാധനങ്ങൾക്കും വില കൂടി

അയേൺ ഫാബ്രിക്കേഷന് ആവശ്യമായ അനുബന്ധ ഉത്പന്നങ്ങൾക്കും വലിയ വില വർദ്ധനവാണുണ്ടായത്. അലൂമിനിയം ഫാബ്രിക്കേഷനാവശ്യമായ പാനൽ, പി.വി.സി ഉത്പന്നങ്ങൾ എന്നിവയ്ക്കാണ് വില വർദ്ധിച്ചത്. 48 ശതമാനമാണ് അനുബന്ധ ഉത്പന്നങ്ങൾക്ക് വില കൂടിയത്.

ഇറക്കുമതി നിലച്ചത് വില വർദ്ധനയ്ക്ക് കാരണം

ചൈനയിൽ നിന്നാണ് കേരളത്തിലേക്ക് അയേൺ ഫാബ്രിക്കേഷൻ മെറ്റീരിയലുകളെത്തുന്നത്. എന്നാൽ കൊവിഡ് സാഹചര്യത്തിൽ ചൈനയിൽ നിന്നുള്ള മെറ്റീരിയലുകളുടെ ഇറക്കുമതി നിലച്ചു. ഇതോടെ മെറ്റീരിയലുകൾക്ക് ക്ഷാമമുണ്ടാകുകയും വില വർദ്ധനവിന് കാരണമാകുകയും ചെയ്തു.

സംസ്ഥാന കൺവെൻഷൻ ഇന്ന്

സംഘടനയുടെ സംസ്ഥാന കൺവെൻഷൻ ഇന്ന് രാവിലെ 10 ന് ശക്തൻ നഗറിലെ ഗോൾഡ് മർച്ചന്റ്സ് ഹാളിൽ ചേരും. സംസ്ഥാന പ്രസിഡന്റ് എ.കെ സാബു, സെക്രട്ടറി കെ. രാധാകൃഷ്ണൻ, ട്രഷറർ തങ്കച്ചൻ വയനാട് എന്നിവർ പങ്കെടുക്കും.

അയേൺ ഫാബ്രിക്കേഷൻ മെറ്റീരിയലുകളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ അടിയന്തര ഇടപെടൽ വേണം. കൊവിഡ് മൂലം രണ്ട് മാസം അടച്ചിട്ട സ്ഥാപനങ്ങൾക്ക് അക്കാലയളവിലെ വൈദ്യുതി ബില്ലുകൾ ഒഴിവാക്കിത്തരണം. ലൈസൻസില്ലാതെ പ്രവർത്തിക്കുന്നവർക്കെതിരെ നടപടിയെടുക്കണം.

അയേൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനീയറിംഗ് യൂണിറ്റ് അസോ.