തൃശൂർ: കൊവിഡ് പശ്ചാത്തലത്തിൽ ഒമ്പത് മാസത്തോളം നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ച ജില്ലയിലെ റോഡുകളുടെ നിർമാണം പുനരാരംഭിച്ചു. കടവല്ലൂർ, കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട പഴഞ്ഞി-അക്കിക്കാവ്, പഴഞ്ഞി-കടവല്ലൂർ-കല്ലുംപുറം റോഡുകളുടെ നിർമാണ പ്രവർത്തനങ്ങളാണ് കഴിഞ്ഞ ദിവസം പുനരാരംഭിച്ചത്. 9.7 കിലോമീറ്റർ റോഡാണ് ആധുനിക രീതിയായ ബി.എം ആൻഡ് ബി.സി സംവിധാനത്തോടെ നിർമിക്കുന്നത്. കോഴിക്കോട് ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാനപാതയുമായി ബന്ധിപ്പിക്കുന്ന റോഡുകളാണിവ. നബാർഡ് പദ്ധതിയിൽ നിന്നും അനുവദിച്ച 12 കോടി രൂപ ചെലവഴിച്ചാണ് നിർമാണം പൂർത്തീകരിക്കുന്നത്. പഴഞ്ഞി-അക്കിക്കാവ് റോഡിന്റെ തുടക്കമായ പഴഞ്ഞി ചിറ്റംതാഴം മുതലാണ് റോഡ് നിർമാണം നടത്തുന്നത്. ചിറ്റംതാഴം മുതൽ പഴഞ്ഞി സ്‌കൂൾവരെ റോഡിന്റെ ഇരുവശങ്ങളും വീതി കൂട്ടി മെറ്റൽ വിരിക്കുന്ന പ്രവർത്തനം പൂർത്തീകരിച്ചു. പഴഞ്ഞി സ്‌കൂൾ മുതൽ അയിനൂർ സെന്റർവരെ റോഡ് ഉയർത്തിയാണ് നിർമിക്കുന്നത്. ഇതിന് പുറമെ വിവിധയിടങ്ങളിൽ വെളളക്കെട്ട് ഒഴുവാക്കുന്നതിനും താഴ്ന്നു കിടക്കുന്ന റോഡുകൾ ഉയർത്തുന്നതിനും മെറ്റൽ വിരിച്ചും നിർമ്മാണം നടന്നു വരുന്നു. പഴഞ്ഞി-കല്ലുപുറം റോഡിലും പ്രവർത്തനങ്ങൾ പൂർത്തികരിച്ചു വരുന്നുണ്ട്. നിർമ്മാണം പൂർത്തീകരിച്ചാൽ കാട്ടകാമ്പാൽ, പോർക്കുളം, കടവല്ലൂർ ഗ്രാമപഞ്ചായത്തുകളിൽ നിന്നും സംസ്ഥാനപാതയിലേക്ക് പ്രവേശനം എളുപ്പമാകും.