adarave
ദേവാങ്കിനെയും മത്സ്യതൊഴിലാളികളെയും ആദരിച്ചപ്പോൾ

തൃപ്രയാർ: തളിക്കുളം നമ്പിക്കടവിൽ മത്സ്യബന്ധനത്തിനിടെ കടലിൽ അകപ്പെട്ട നാല് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തിയ സഹോദരങ്ങൾക്ക് തളിക്കുളം ഗ്രാമപഞ്ചായത്തിന്റെ ആദരം. രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ മത്സ്യത്തൊഴിലാളികളെയും ഡ്രോൺ കാമറ ഉപയോഗിച്ച് തൊഴിലാളികളെ കണ്ടെത്താൻ മുന്നിട്ടിറങ്ങിയ എരണേഴത്ത പടിഞ്ഞാട്ടയിൽ ദേവാങ്കിനെയുമാണ് ആദരിച്ചത്.

ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് കടലിൽ മീൻ പിടിക്കാൻ പോയ തൊഴിലാളികളുടെ വഞ്ചി രാവിലെ എട്ടരയോടെയാണ് അപകടത്തിൽപ്പെടുന്നത്. ഉപജീവന മാർഗമായ വഞ്ചി നഷ്ടപ്പെട്ട തൊഴിലാളികൾക്ക് പുതിയ വഞ്ചി നൽകണമെന്ന് ദേവാങ്ക് ചടങ്ങിൽ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് അംഗം പി.എം. അഹമ്മദ് ആദരച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദേവാങ്കിന് ധീരതക്കുള്ള അവാർഡിന് ശുപാർശ ചെയ്യുമെന്ന് പി.എം. അഹമ്മദ് പറഞ്ഞു. തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത അദ്ധ്യക്ഷയായി.
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി മുരളീധരൻ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർമാരായ ഭഗീഷ് പൂരാടൻ, ലിന്റ സുഭാഷ് ചന്ദ്രൻ, പഞ്ചായത്ത് മെമ്പർമാരായ അനിൽകുമാർ, ഷാജി അലുങ്ങൽ , ബുഷ്ര നാസർ, സിംഗ് വാലത്ത്, വിനയപ്രസാദ്, ഷിജി. സി. കെ, എം.കെ. ബാബു, മെഹബൂബ്, സന്ധ്യ മനോഹരൻ, കെ.കെ. സൈനുദ്ദീൻ, ജിജ രാധാകൃഷ്ണൻ, സുമന ജോഷി, ഷൈജ കിഷോർ, ബിന്നി അറക്കൽ, കെ.ആർ. സീത, അഡ്വ. പി.ആർ. വാസു എന്നിവർ സംസാരിച്ചു. തളിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത ടീച്ചർ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എം. ഫ്രാൻസിസ് നന്ദിയും പറഞ്ഞു.