തൃശൂർ : കൊവിഡ് 19 സെക്ടറൽ മജിസ്ട്രേറ്റ് ആൻഡ് കൊവിഡ് സെന്റിനൽസിനെ കളക്ടർ നിയമിച്ചു. കൊവിഡ് അതിവേഗം പടരുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് സർക്കാരിന്റെ നിർദേശപ്രകാരം താലൂക്ക് തലത്തിൽ സെക്ടറൽ മജിസ്ട്രേറ്റ് ആൻഡ് കൊവിഡ് സെന്റിനൽസിനെ നിയമിച്ചത്.
തൃശൂർ താലൂക്കിൽ മൂന്ന് പേരും മറ്റു താലൂക്കുകളിൽ രണ്ടു പേരെ വീതവുമാണ് നിയമിച്ചത്. പൊതു ഇടങ്ങളിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുകയും അല്ലാത്തപക്ഷം മജിസ്റ്റീരിയൽ ഉത്തരവുകൾ നൽകി പിഴ ഈടാക്കുകയും ജനങ്ങളെ ബോധവത്കരിക്കുകയുമാണ് സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രധാന ചുമതല.
ഓരോ ഉദ്യോഗസ്ഥർക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള ഓരോ ജീവനക്കാരും സഹായത്തിനായി ഉണ്ടാകും. കൂടാതെ ഡ്യൂട്ടി ആവശ്യങ്ങൾക്കായി വാഹനങ്ങളും നൽകിയിട്ടുണ്ട്. തൃശൂർ ഉൾപ്പെടെയുള്ള ഏഴ് താലൂക്കുകളിലായി ആകെ 15 സെക്ടറൽ മജിസ്ട്രേറ്റുമാരെയാണ് നിയമിച്ചത്.
അടുത്തഘട്ടത്തിൽ 15 പേരടങ്ങുന്ന മറ്റൊരു സംഘത്തിന് ചുമതല കൈമാറും. ജില്ലാ തലത്തിൽ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ജില്ലാ നോഡൽ ഓഫീസറായി കളക്ടറേറ്റ് സീനിയർ സൂപ്രണ്ട് സി. ആർ ജയന്തിയെയും താലൂക്ക് തലത്തിൽ നോഡൽ ഓഫീസർമാരായി താലൂക്ക് തഹസിൽദാർമാരെയും അസി. നോഡൽ ഓഫീസർമാരായി താലൂക്ക് ഭൂ നിയമ വിഭാഗം ഡെപ്യൂട്ടി തഹസിൽദാർമാരെയുമാണ് നിയമിച്ചത്.
കൊവിഡ് വാക്സിന് 'ഡ്രൈ റണ്' എട്ടിന്
തൃശൂർ: കൊവിഡ് വാക്സിൻ നൽകുന്നതിനുള്ള തയ്യാറെടുപ്പുകൾക്ക് സജ്ജമെന്ന് ഉന്നതതല അവലോകന യോഗം. ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും പ്രത്യേകം നിയോഗിച്ച ടീമിന്റെ നേതൃത്വത്തിൽ എട്ടിന് രാവിലെ പത്ത് മുതൽ 12 വരെ കൊവിഡ് വാക്സിൻ ഡ്രൈ റൺ നടത്തും. ഡ്രൈ റണ്ണിനായി മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ഡി.എം.ഒ: ഡോ. കെ.ജെ. റീന അറിയിച്ചു. ഗവ. മെഡിക്കൽ കോളേജിലും അയ്യന്തോൾ കുടുംബാരോഗ്യ കേന്ദ്രത്തിലും സ്വകാര്യ ആശുപത്രി മേഖലയിൽ നിന്നുമുള്ള ദയ ആശുപത്രിയിലുമാണ് ഡ്രൈ റൺ നടത്തുന്നത്. കൊവിഡ് ആപ്ലിക്കേഷനിൽ മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ള ലിസ്റ്റിൽ നിന്നും തിരഞ്ഞെടുത്ത 25 പേർക്ക് വീതമാണ് ഈ സ്ഥാപനങ്ങളിൽ നിന്ന് ഡ്രൈ റൺ നടത്തുന്നത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് എങ്ങനെ വാക്സിനേഷൻ നടത്തണം എന്നതിനുളള പരിശീലനമാണ് ഡ്രൈ റൺ കൊണ്ട് ഉദ്ദേശിക്കുന്നത്.
എ.ഡി.എം, ആർ.ഡി.ഒ, ഡെപ്യൂട്ടി കളക്ടർമാർ തുടങ്ങിയവർ ജില്ലാതല നിരീക്ഷകരാകും. മൂന്ന് സ്ഥലങ്ങളിലും 10 - 12 വരെയുള്ള സമയത്ത് തന്നെ റൺ പൂർത്തീകരിക്കും. വാക്സിൻ എത്തിയാൽ സൂക്ഷിക്കാൻ ആവശ്യമായ ഐസ് ലൈൻഡ് റെഫ്രിജറേറ്റർ, ഡീഫ്രീസർ, വാക്കിംഗ് കൂളർ ഉൾപ്പെടെയുള്ള സൗകര്യം ഒരുക്കിയതായും ഡി.എം.ഒ അറിയിച്ചു.
യോഗത്തിൽ ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, കളക്ടർ എസ്. ഷാനവാസ്, സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, റൂറൽ എസ്.പി: ആർ. വിശ്വനാഥ്, ഡെപ്യൂട്ടി കളക്ടർ ഡി.എം ഡോ. റെജിൽ എം.സി, കോർപറേഷൻ സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ തുടങ്ങിയവർ പങ്കെടുത്തു.