വടക്കാഞ്ചേരി: കലാമണ്ഡലത്തിൽ ഡിഗ്രി കോഴ്‌സിന് അഡ്മിഷൻ നിഷേധിച്ച വൈസ് ചാൻസലറുടെ നടപടിയിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും കലാമണ്ഡലത്തിൽ കുത്തിയിരിപ്പ് സമരം നടത്തി. കലാമണ്ഡലത്തിൽ പഠിച്ച കുറച്ചു കുട്ടികൾക്ക് മാത്രം സീറ്റ് നൽകി ബാക്കി പുറത്തു നിന്നുള്ളവർക്ക് നൽകിയെന്നാണ് രക്ഷിതാക്കളുടെ ആരോപണം. അഞ്ചുവർഷം കലാ മണ്ഡലത്തിലെ കളരികളിൽ പഠനം പൂർത്തിയാക്കിയ കുട്ടികൾക്കാണ് സീറ്റ് നൽകാതിരുന്നത്. ഭരണ സമിതിയിൽ ചർച്ച ചെയ്യാതെ വൈസ് ചാൻസലർ ഏകപക്ഷീയമായി എടുത്ത തീരുമാനമാണ് നടപ്പിലാക്കിയതെന്ന് രക്ഷിതാക്കളും വിദ്യാർത്ഥികളും ആരോപിച്ചു.
കലാമണ്ഡലത്തിലെ സിലബസ് പഠിച്ച വിദ്യാർത്ഥികൾക്ക് പുറമെയുള്ള സ്ഥാപനങ്ങളിൽ സീറ്റ് ലഭിക്കില്ല. ഇതോടെ കുട്ടികളുടെ ഭാവി തുലാസിലാകുമെന്ന വിഷമത്തിലാണ് രക്ഷിതാക്കൾ. മുൻവർഷങ്ങളിൽ ഇതേ വിഷയമുണ്ടായപ്പോൾ കലാമണ്ഡലത്തിൽ പഠിച്ച കുട്ടികൾക്ക് മുൻഗണന നൽകിയ ശേഷമേ പുറത്തുള്ള കുട്ടികൾക്ക് സീറ്റ് കൊടുക്കാവു എന്ന നിലപാടാണ് സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ സ്വീകരിച്ചത്.