കൊടുങ്ങല്ലൂർ: ശൃംഗപുരം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഫിൻസിയർ എന്ന ചിട്ടി സ്ഥാപനം അടച്ചുപൂട്ടി പണവുമായി മുങ്ങിയ ഡയറക്ടർ ബോർഡ് മെമ്പർമാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും നിക്ഷേപകർക്ക് ലഭിക്കാനുള്ള മുഴുവൻ പണവും സ്വത്തുവകകൾ കണ്ടുകെട്ടി നൽകണമെന്നും ബി.ജെ.പി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സ്ഥാപനം പൊലീസ് അടച്ചുപൂട്ടി സീൽ വച്ച് ദിവസങ്ങൾക്കുള്ളിൽ തീപിടുത്തം ഉണ്ടായതിന് പിന്നിൽ പൊലീസും ഡയറക്ടർ ബോർഡ് അംഗങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധം മൂലമാണോയെന്ന് ഉന്നത പൊലീസ് സംഘം അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ് അദ്ധ്യക്ഷനായി. എൽ.കെ. മനോജ്, അഡ്വ. വെങ്കിടേശ്വരൻ, കെ.ആർ. വിദ്യാസാഗർ, ജീവൻ നാലുമാക്കൽ, ടി.ബി. സജീവൻ എന്നിവർ സംസാരിച്ചു.