തൃശൂർ: വീടുകളിലെ സാധാരണ ഫിലമെന്റ് ബൾബുകൾ മാറ്റി എൽ.ഇ.ഡി ബൾബുകൾ കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുന്ന ഫിലമെന്റ് രഹിതകേരളം പദ്ധതിക്ക് തൃശൂരിൽ തുടക്കം. അയ്യന്തോളിലെ കോർപറേഷൻ സോണൽ ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലയിലെ അംഗനവാടികൾക്കാണ് ബൾബുകൾ നൽകിയത്. മേയർ എം.കെ വർഗീസ് വിതരണോദ്ഘാടനം നിർവഹിച്ചു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ സജിത ഷിബു, തൃശൂർ ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ പി.ബി സിദ്ധാർത്ഥൻ, ഇരിങ്ങാലക്കുട ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഡോളിപോൾ, തൃശൂർ ട്രാൻസ്മിഷൻ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ശ്യാംപ്രസാദ് എം.പി, തൃശൂർ ജനറൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ പോളി കെ.പി, തൃശൂർ ഇലക്ട്രിക്കൽ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ എം.എ ഷാജു തുടങ്ങിയവർ പങ്കെടുത്തു.
വൈദ്യുതി ഉപഭോഗം കുറയ്ക്കും
എനർജി മാനേജ്‌മെന്റ് സെന്ററിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി, വൈദ്യുതി ഉപഭോഗത്തിൽ വൻ കുറവ് വരുത്തുമെന്നാണ് വിലയിരുത്തൽ. എൽ.ഇ.ഡി ബൾബുകൾക്ക് മൂന്നു വർഷത്തെ ഗ്യാരന്റിയും കെ.എസ്.ഇ.ബി വാഗ്ദാനം ചെയ്യുന്നു. കേടായ ബൾബുകൾ സെക്ഷൻ ഓഫീസുകൾ മുഖേന മാറ്റി നൽകും.
ആദ്യഘട്ടം തൃശൂർ സർക്കിളിൽ
പദ്ധതിയുടെ ആദ്യഘട്ടത്തിൽ തൃശൂർ സർക്കിളിലെ ഉപഭോക്താക്കൾക്കാണ് എൽ.ഇ.ഡി ബൾബ് നൽകുക. ഇവിടത്തെ വിതരണത്തിന് ശേഷം മറ്റ് സർക്കിളുകളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് ബൾബ് നൽകും. പുതിയ രജിസ്‌ട്രേഷനുകളും താമസിയാതെ സ്വീകരിച്ചു തുടങ്ങും. തൃശൂർ സർക്കിളിൽ മാത്രം 95,000 ബൾബുകൾ വേണ്ടി വരുമെന്നാണ് കണക്ക്. ഓൺലൈനിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത കുടുംബങ്ങൾക്ക് തിങ്കളാഴ്ച്ച മുതൽ വീടുകളിൽ ബൾബുകൾ നേരിട്ടെത്തിച്ചു കൊടുക്കും. ഇതിനായി പ്രത്യേക സ്‌ക്വാഡിന് കെ.എസ്.ഇ.ബി രൂപം നൽകും.
10 മുതൽ 13 വരെ ബൾബുകൾ
പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 10 മുതൽ 13 വരെ ബൾബുകൾ ലഭിക്കും. 60 രൂപ മാത്രമാണ് ഒരു ബൾബിന് കെ.എസ്.ഇ.ബി ഈടാക്കുക.
ഫിലമെന്റ് ബൾബുകൾ സംസ്‌കരിക്കും
ഫിലമെന്റ് ബൾബുകളും സി.എഫ്.എൽ ശ്രേണിയിലുള്ള ബൾബുകളും കെ.എസ്.ഇ.ബി ഏറ്റെടുക്കും. ഇവ അപകടരഹിതമായി സംസ്‌കരിക്കാൻ ക്ലീൻ കേരള കമ്പനിയുമായി സഹകരിച്ച് പദ്ധതി തയാറാക്കിയിട്ടുണ്ട്.