paddy

തൃശൂർ: തുലാമാസത്തിൽ ചതിച്ച മഴ ധനുമാസത്തിൽ അപ്രതീക്ഷിതമായി പെയ്തപ്പോൾ കണ്ണീർപ്പാടത്തിലായത് മുണ്ടകൻ കൃഷി കൊയ്‌തെടുക്കാൻ ഒരുങ്ങിയ കർഷകർ. വിളഞ്ഞ നെല്ല് മഴയിൽ വീണതോടെ കൊയ്‌തെടുക്കാൻ കഷ്ടപ്പെടും. നെല്ല് കൊഴിഞ്ഞ് വീഴാനും തുടങ്ങി. കൊയ്‌തെടുത്ത നെല്ല് മഴ നനയാതെ സൂക്ഷിക്കാനും മഴ നനഞ്ഞ നെല്ല് ഉണക്കി നൽകാനും എന്തു ചെയ്യുമെന്ന ചിന്തയിലാണ് കർഷകർ.

ജില്ലയിലെ വടക്കു കിഴക്കൻ മേഖലകളിലും കുന്നംകുളത്തിന്റെ പരിസര പ്രദേശങ്ങളിലും വ്യാപകമായി മുണ്ടകൻ കൃഷി ഇറക്കിയിരുന്നു. ലോക്ക് ഡൗണും കൊവിഡ് വ്യാപനവും കാരണം യുവാക്കൾ അടക്കമുള്ള നിരവധി പേർ നെൽക്കൃഷിയിലേക്ക് തിരിഞ്ഞു. കൊയ്യാനുള്ള ഒരുക്കം നടക്കുമ്പോഴാണ് മഴ ചതിച്ചത്.

കടവല്ലൂർ, പോർക്കുളം, കടങ്ങോട്, ചൊവ്വന്നൂർ മേഖലകളിൽ കൊയ്ത്തിന് തുടക്കമായിരുന്നു. അന്യസംസ്ഥാന തൊഴിലാളികൾ കുറഞ്ഞതോടെ പാടങ്ങളിൽ ഏറെയും യന്ത്രങ്ങളാണ് കൊയ്ത്ത് നടത്തുന്നത്. ഇതിന് മണിക്കൂറിന് 1,500 രൂപയോളം ചെലവുണ്ട്. മഴ പെയ്തതോടെ ടയർ യന്ത്രങ്ങൾ ഉപയോഗിച്ച് കൊയ്ത്ത് നടത്താനാവില്ല. ടയർ ഉപയോഗിച്ച് കൊയ്ത്ത് നടത്താനാകാത്ത പാടങ്ങളിൽ ബെൽറ്റിൽ പ്രവർത്തിക്കുന്ന യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഇതിന് മണിക്കൂറിന് 2,500 രൂപയോളം ഈടാക്കുന്നുണ്ട്. ഇതും കർഷകർക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കും.


നടീലിനുമെത്തി മഴ


ജൂലായ് പകുതിയോടെയാണ് രണ്ടാം വിളയായ മുണ്ടകൻ കൃഷിക്കുള്ള ഒരുക്കം തുടങ്ങുന്നത്. ആഗസ്റ്റ്, സെ്ര്രപംബർ മാസങ്ങളിലായാണ് വിത്തിറക്കുന്നത്. ഏതാണ്ട് 130 ദിവസത്തിനുളളിൽ കൊയ്യാം. ഇത്തവണ തൊഴിലാളികൾ കുറഞ്ഞതിനാൽ നടീലിന് പ്രതിസന്ധിയിലായിരുന്നു കർഷകർ. തമിഴ്‌നാട്, ബംഗാൾ, ആസം, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് നടീൽ പ്രവൃത്തികളിൽ 80 ശതമാനവും നടത്തിയിരുന്നത്. നടീലിനാണ് തൊഴിലാളികൾ കൂടുതൽ വേണ്ടിവരുന്നത്. യന്ത്രം ഉപയോഗിച്ചുളള നടീൽ പ്രായോഗികമല്ല. ഇത്തവണ നടീൽ സമയത്ത് ശക്തമായ മഴയുണ്ടായതും തിരിച്ചടിയായിരുന്നു.


കാറ്റിനും ശക്തികൂടി


വൃശ്ചികക്കാറ്റിന്റെ വേഗം ശക്തമായതും ഈ മാസത്തിലാണ്. ഒരു ദശകം മുമ്പുണ്ടായിരുന്ന വേഗം കാറ്റിനുണ്ടെന്നാണ് കാലാവസ്ഥാ ഗവേഷകർ പറയുന്നത്. മാവ്, വാഴ, കവുങ്ങ്, കശുമാവ് എന്നിവയ്‌ക്കെല്ലാം അതിശക്തമായ കാറ്റ് ദോഷകരമാകും. മാവുകളിൽ പൂക്കൾ കൊഴിയാനും കാരണമാകും. തമിഴ്‌നാട്ടിലെ ശക്തമായ മഴയെ തുടർന്ന് അന്തരീക്ഷ താപനില താഴ്ന്നതായിരിക്കാം കാറ്റിന് വേഗം വർദ്ധിക്കാനിടയാക്കിയതെന്നാണ് നിഗമനമുണ്ട്.

'' വരുംദിവസങ്ങളിൽ വ്യാപകമായതും ശക്തവുമായ മഴയ്ക്ക് സാദ്ധ്യതയില്ല. ഈ സമയത്ത് മഴ പെയ്യുന്നത് അപൂർവ്വമാണ്. കാലാവസ്ഥാവ്യതിയാനത്തിന്റെ ഗുരുതരമായ പ്രത്യാഘാതം തന്നെയാണ് കാലം തെറ്റിയുളള മഴ.


ഡോ. ഗോപകുമാർ ചോലയിൽ

കാലാവസ്ഥാ ഗവേഷകൻ