pullazhy

തൃശൂർ: എല്ലാവരും ഉറ്റുനോക്കുകയാണ് കോർപറേഷനിലെ പുല്ലഴി ഡിവിഷനിലേക്ക്. പോരാട്ടത്തിന് മൂന്ന് മുന്നണികളും മികച്ച സ്ഥാനാർത്ഥികളുമായെത്തിയതോടെ തിരഞ്ഞെടുപ്പ് രംഗം കൊഴുക്കുകയാണ്. അതുകൊണ്ട് തന്നെ പുല്ലഴി ജയിക്കാൻ ആരായാലും ഇത്തവണ ഇത്തിരി വിയർക്കും. യു.ഡി.എഫ് അനുകൂല ഡിവിഷനാണെങ്കിലും നിർണ്ണായക തിരഞ്ഞെടുപ്പായതിനാൽ മൂന്ന് മുന്നണികൾക്കും 'പുല്ല്' പോലെയങ്ങ് ജയിച്ച് കയറാനാകില്ല. കോർപറേഷനിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ഒരുപോലെ ഭാവിയിൽ ഭരണത്തിന് സാദ്ധ്യത കൂട്ടുന്നതാണ് ഈ ജയം. രണ്ട് സീറ്റിന്റെ വ്യത്യാസമാണ് ഇരുകൂട്ടരും തമ്മിലുള്ളത്. പുല്ലഴി സീറ്റ് വിജയിച്ചാൽ എൽ.ഡി.എഫിന് ഭരണം ഭീഷണികളില്ലാതെ തുടരാം. യു.ഡി.എഫിന് ഭരണത്തിനുള്ള നേരിയ സാദ്ധ്യതയും തുറന്ന് കിട്ടും. ഒരു സീറ്റ് കൂടി പിടിച്ച് സീറ്റെണ്ണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ബി.ജെ.പിക്ക്.

ജയം ഉറപ്പിക്കുന്ന പ്രവർത്തനവുമായി മുന്നണികൾ

പുല്ലഴി ജയിച്ചാൽ 5 വർഷം ആശങ്കകളില്ലാതെ മുന്നോട്ടുപോകാമെന്നാണ് എൽ.ഡി.എഫ് കണക്ക് കൂട്ടൽ. കോൺഗ്രസ് വിമതനെ മേയറാക്കി കോർപറേഷൻ ഭരണം നേടിയെങ്കിലും അത് സുരക്ഷിതമാക്കാൻ പുല്ലഴിയിലെ ജയം അനിവാര്യമാണ്. കോൺഗ്രസിനു സ്വാധീനമുള്ള പുല്ലഴിയിൽ മുൻ കോൺഗ്രസുകാരനായ അഡ്വ. മഠത്തിൽ രാമൻകുട്ടിയെ സ്വതന്ത്ര വേഷത്തിൽ ഇറക്കിയാണ് ഡിവിഷൻ പിടിക്കാൻ ശ്രമിക്കുന്നത്. എം.കെ മുകുന്ദന്റെ മരണത്തിലുള്ള സഹതാപതരംഗം വോട്ടാകുമെന്നും എൽ.ഡി.എഫ് കരുതുന്നു. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കൺവെൻഷൻ മന്ത്രി വി.എസ്. സുനിൽ കുമാറാണ് ഉദ്ഘാടനം ചെയ്തത്.

മന്ത്രി വി.എസ്. സുനിൽ കുമാർ, ചീഫ് വിപ്പ് കെ. രാജൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.കെ കണ്ണൻ, കൗൺസിലർ പി.കെ ഷാജൻ എന്നിവർക്ക് ചുമതല നൽകിയാണ് പ്രവർത്തനം മുന്നോട്ട് പോകുന്നത്. പുല്ലഴിയിൽ ജയം നേടുകയും കോൺഗ്രസ് വിമതന്റെ മനസ് മാറ്റിയെടുക്കുകയും ചെയ്താൽ ഭരണത്തിലേറാമെന്ന കണക്കുകൂട്ടലാണ് യു.ഡി.എഫിന്. അതുകൊണ്ട് തന്നെ പുല്ലഴി സീറ്റ് പിടിക്കാൻ ശക്തമായി രംഗത്തുണ്ട്. ഡി.സി.സി നേതാക്കൾക്ക് ചുമതല നൽകിയാണ് പ്രവർത്തനം. രാജൻ ജെ. പല്ലൻ ഉൾപ്പെടെയുള്ള നേതാക്കൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നേട്ടം ആവർത്തിച്ചാൽ പുല്ലഴി പിടിക്കാമെന്ന കണക്ക് കൂട്ടലിലാണ് ബി.ജെ.പി. സന്തോഷ് പുല്ലഴിയുടെ ഡിവിഷനിലുള്ള വ്യക്തിബന്ധങ്ങൾ ജയത്തിന് തുണയാകുമെന്ന് ബി.ജെ.പി വിശ്വസിക്കുന്നു.