കൊടുങ്ങല്ലൂർ: തീരദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണ്ടെത്താൻ അധികൃതർ നടപടി ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. മണ്ഡലത്തിലെ എറിയാട്, എടവിലങ്ങ്, ശ്രീനാരായണപുരം പഞ്ചായത്തുകളിലെ തീരദേശങ്ങളിലാണ് വേനൽ കനത്തതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായത്.

നിലവിലെ കുടിവെള്ള വിതരണ സംവിധാനത്തിന്റെ പോരായ്മകൾ പരിഹരിക്കാൻ യോഗത്തിൽ തീരുമാനമായി. തീരദേശ പഞ്ചായത്തുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിന്റെ കൃത്യതയും സമയനിഷ്ഠയും പരിശോധിക്കാൻ യോഗം തീരുമാനിച്ചു. ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിലെ പ്രധാന പൈപ്പിലെ ലീക്കുകൾ അടിയന്തരമായി പരിഹരിക്കാനും തീരുമാനമായി.

മറ്റു ലൈനുകളിലെ ലീക്ക് പൊതുജനങ്ങൾ വാട്ടർ അതോറിറ്റിയുടെ ശ്രദ്ധയിൽപെടുത്തിയാൽ അടിയന്തരമായി പരിഹരിക്കണമെന്നും നിർദ്ദേശമുണ്ട്. പ്രധാന സ്ഥലങ്ങളിൽ കിയോസ്‌കുകൾ സ്ഥാപിക്കാനും അത്യാവശ്യ ഘട്ടത്തിൽ ടാങ്കർ ലോറി ഉപയോഗിച്ച് വെള്ളമെത്തിക്കാനും, കിഫ്ബി പദ്ധതിയിലെ നാട്ടിക ഫർക്ക കുടിവെള്ള പദ്ധതി വേഗത്തിലാക്കാനും നടപടി സ്വീകരിച്ചു.പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എസ് മോഹനൻ, കെ.പി രാജൻ, ബിന്ദു രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റുമാരായ പ്രസീന റാഫി, മോഹനൻ, ജയ സുനിൽരാജ്, പഞ്ചായത്ത് സെക്രട്ടറിമാർ, വാട്ടർ അതോറിറ്റി ഇരിങ്ങാലക്കുട എക്‌സി. എൻജിനിയർ ബിന്ദു സുഗുണൻ തുടങ്ങിയവർ പങ്കെടുത്തു.