തൃശൂർ: സംസ്ഥാന തലത്തിൽ ജനുവരി 26ന് മുഖ്യമന്ത്രി 10,000 ഓഫീസുകളുടെ ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം നടത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ 1,300 ഓളം സർക്കാർ ഓഫീസുകളിൽ ജനുവരി 11 മുതൽ ഹരിത ഓഡിറ്റിംഗ് ആരംഭിക്കും. ജില്ലാ ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ എന്നിവയുടെ നേതൃത്വത്തിലാണ് ഗ്രീൻ പ്രോട്ടോകോൾ വിലയിരുത്തലായ ഹരിത ഓഡിറ്റിംഗ് നടക്കുക. ജില്ല, താലൂക്ക്, പഞ്ചായത്ത് തലത്തിലുള്ള ഓഫീസുകളിലാണ് ഹരിത ഓഡിറ്റിംഗ്. മാലിന്യ ശേഖരണ സംസ്‌കരണ പ്രവർത്തനങ്ങൾ ജില്ലയിൽ കൂടുതൽ കാര്യക്ഷമമാക്കാനും കൊവിഡിന് ശേഷം ഭാഗികമായി നിലച്ച ഹരിത പ്രവർത്തനം പുനരാരംഭിക്കാനുമാണ് ഹരിത ഓഡിറ്റിംഗിലൂടെ ലക്ഷ്യമിടുന്നത്.
ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനം വിലയിരുത്താൻ സമിതി
ശുചിത്വത്തിന് പുറമെ ജലലഭ്യത, പച്ചക്കറി തോട്ടം, ഗ്രീൻ പ്രോട്ടോകോൾ തുടങ്ങിയ പ്രവർത്തനം നിരീക്ഷിക്കാൻ നോഡൽ ഓഫീസറുടെ നേതൃത്വത്തിലുള്ള പരിശോധനാ സമിതിയാണുള്ളത്. പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി ഓഫീസുകളിലും അവയ്ക്ക് കീഴിലുള്ള 15 ഓളം മറ്റ് ഓഫീസുകളിലും സമിതി ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനം വിലയിരുത്തും.
മൂന്ന് ഗ്രേഡുകളാക്കി തിരിച്ച് സർട്ടിഫിക്കറ്റ്
പരിശോധനയിൽ 70 മുതൽ 100 മാർക്കു വരെ നൽകി 3 ഗ്രേഡുകൾ ആക്കിയാണ് സർട്ടിഫിക്കറ്റുകൾ നൽകുക. 90 മുതൽ 100 മാർക്ക് വരെ നേടുന്ന വിഭാഗത്തിന് അവാർഡ് നൽകും. 70 മാർക്കിന് താഴെയുള്ളവർക്ക് ഹരിത ഓഫീസ് പദവിയും സർട്ടിഫിക്കറ്റും നൽകില്ല. എന്നാൽ ഇവർക്ക് വീണ്ടും ഹരിത പ്രവർത്തനങ്ങൾക്ക് സമയം നൽകും. ജനുവരി 26 ന് പൊതുചടങ്ങിലൂടെയാണ് സർട്ടിഫിക്കറ്റ് വിതരണം നടക്കുക.
പ്ലാസ്റ്റിക്ക് ഉപയോഗം നിരോധിച്ചു
ഹരിത ഓഡിറ്റിംഗിന്റെ ഭാഗമായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിർമാണവും ഉപയോഗവും നിരോധിച്ച ഉത്തരവ് കർശനമായി നടപ്പാക്കും. തദ്ദേശ സ്ഥാപനങ്ങളിലെ പുതിയ ഭരണസമിതിയുമായി ആലോചിച്ച് ഗാർഹിക, സ്ഥാപന തലത്തിലുള്ള അജൈവ മാലിന്യ ശേഖരണം, സംസ്‌കരണം എന്നിവ ശക്തിപ്പെടുത്തും. എല്ലാ മാസവും 15ാം തിയതിക്കകം ഓരോ തദ്ദേശ സ്ഥാപനവും സ്ഥാപനത്തിൽ നിയമ ലംഘനങ്ങൾക്കെതിരെ സ്വീകരിച്ച നടപടി റിപ്പോർട്ട് ചെയ്യണമെന്നും ഹരിത കേരളം ജില്ലാ കോർഡിനേറ്റർ പി.എസ് ജയകുമാർ അറിയിച്ചു.
കൊവിഡ് വാക്സിൻ 'ഡ്രൈ റൺ' ഇന്ന്
തൃശൂർ: കൊവിഡ് വാക്സിൻ നൽകുന്നതിനുള്ള തയ്യാറെടുപ്പുകൾക്ക് ജില്ല സജ്ജം. ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും പ്രത്യേകം നിയോഗിച്ച ടീമിന്റെ നേതൃത്വത്തിലാണ് ഇന്ന് രാവിലെ 10 മുതൽ 12 വരെ കൊവിഡ് വാക്സിൻ ഡ്രൈ റൺ നടത്തുക. ഡ്രൈ റണ്ണിനു വേണ്ട മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ഡി.എം.ഒ ഡോ. കെ.ജെ. റീന അറിയിച്ചു. ഗവ. മെഡിക്കൽ കോളേജിലും അയ്യന്തോൾ കുടുംബാരോഗ്യ കേന്ദ്രത്തിലും സ്വകാര്യ ആശുപത്രി മേഖലയിൽ നിന്നുമുള്ള ദയ ആശുപത്രിയിലുമാണ് ഡ്രൈ റൺ നടത്തുന്നത്.