വാടാനപ്പിള്ളി: കൊവിഡ് മഹാമാരിക്കെതിരെയുള്ള മികച്ച പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ പ്രവർത്തകർക്കൊപ്പം പങ്കാളികളായ വാടാനപ്പള്ളി പൊലീസിന് ആദരം. തളിക്കുളം ഐഷ ഫൗണ്ടേഷനും ഗാർഡിയൻ ഡെമോക്രാറ്റിക് ഫോറം ഫൗണ്ടേഷനും സംയുക്തമായാണ് പൊലീസിനെ ആദരിച്ചത്. വാടാനപ്പിള്ളി പൊലീസിനുള്ള ഉപഹാരം അബ്ദുൾ അസീസ് തളിക്കുളവും നൂർദീൻ തളിക്കുളവും ചേർന്ന് സമ്മാനിച്ചു.
വാടാനപ്പിള്ളി എസ്.എച്ച്.ഒ പി.ആർ ബിജോയ്,എസ്.ഐമാരായ കെ.ജെ ജിനേഷ്, വിവേക് നാരായണൻ എന്നിവർ ചേർന്ന് ആദരം ഏറ്റുവാങ്ങി. കൊവിഡ് ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും ഫൗണ്ടേഷൻ നൽകിയ ആദരം പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ ശക്തമാകാൻ പ്രചോദനം നൽകുന്നതായി എസ്.എച്ച്.ഒ പി.ആർ ബിജോയ് പറഞ്ഞു. ജീവകാരുണ്യ പ്രവർത്തകൻ ഷിഹാബ് കയ്പ്പമംഗലം, വാടാനപ്പള്ളി പഞ്ചായത്ത് അംഗം സുലേഖ ജമാൽ എന്നിവരും പങ്കെടുത്തു.