കൊടുങ്ങല്ലൂർ: നഗരസഭ ബസ് സ്റ്റാൻഡിൽ ബസുകൾക്കുള്ള പാർക്കിംഗ് ഫീസ് പിരിവ് പുനരാരംഭിച്ചു. ലോക് ഡൗണിനെ തുടർന്ന് നിറുത്തി വച്ച ഫീസ് പിരിക്കൽ ഇക്കഴിഞ്ഞ ഒന്നാം തിയതി മുതലാണ് തുടങ്ങിയത്. ഒരു ബസിന് പ്രതിദിന ഫീസായി ഇരുപത് രൂപയാണ് നേരത്തെ ഈടാക്കിയിരുന്നത്. ഇപ്പോൾ ഇരുപത്തിയഞ്ച് രൂപയാക്കി. പാർക്കിംഗ് ഫീസ് ഏർപ്പെടുത്തിയതിനെതിരെ ബസുടമകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ആവശ്യത്തിന് യാത്രക്കാരില്ലാത്ത സാഹചര്യത്തിൽ പാർക്കിംഗ് ഫീസ് ഒഴിവാക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
സമീപ പ്രദേശങ്ങളിലൊന്നും ഇപ്പോൾ പാർക്കിംഗ് ഫീസ് പിരിക്കുന്നില്ലെന്നും ഇവർ പറയുന്നു. ലേല നടപടികൾ പാലിക്കാതെയാണ് അടുത്ത മൂന്ന് മാസത്തേക്ക് ഫീസ് പിരിക്കാൻ കരാർ നൽകിയതെന്നും ആരോപണമുണ്ട്. എന്നാൽ നടപടിക്രമം പാലിച്ചാണ് ഫീസ് പിരിവ് പുനരാരംഭിച്ചതെന്നും കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഇത്രയും കാലം ബസുകൾക്ക് ഫീസിളവ് നൽകിയതായും നഗരസഭ സെക്രട്ടറി ടി.കെ സുജിത്ത് പറഞ്ഞു.