കൃത്രിമ കാൽവെച്ച വിജേഷ് ഊന്നു വടിയില്ലാതെ നടക്കുന്നു
വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ കെ.വി. വിജേഷിന് രണ്ടാം ജന്മം കിട്ടിയ സന്തോഷം. മുറിച്ചു മാറ്റിയ കാലിനു പകരം വിജേഷിന് ഇന്നലെ കൃത്രിമ കാൽവെച്ചു. കേരളകൗമുദി റീഡേഴ്സ് ക്ലബ് മുൻകൈ എടുത്ത് വടക്കാഞ്ചേരി ലയൺസ് ക്ലബ്ബിൻ്റെ സഹായത്തോടെയാണ് വിജേഷിന് കൃത്രിമ കാൽവെച്ചത്.
സ്ഥിരമായി ഉപയോഗിച്ചിരുന്ന ഊന്നുവടി ഉപേക്ഷിച്ച് വലതുകാൽ മുന്നോട്ട് വെച്ച് സ്വയം നടക്കാനായപ്പോൾ സന്തോഷം കൊണ്ട് വിജേഷിൻ്റെ കണ്ണുകൾ ഈറനണിഞ്ഞു. വർഷങ്ങൾക്ക് മുമ്പ് അപകടത്തിൽ പെട്ടാണ് വിജേഷിൻ്റെ വലതുകാൽ മുറിച്ചു മാറ്റിയത്. വടക്കാഞ്ചേരി നഗരസഭയിലെ പതിനെട്ടാം ഡിവിഷൻ കൗൺസിലറാണ് വിജേഷ്. കേരളകൗമുദി റീഡേഴ്സ് ക്ലബ്ബ് പ്രസിഡൻ്റും ലയൺസ് ക്ലബ്ബ് സെക്രട്ടറിയുമായ സുഭാഷ് പുഴയ്ക്കൽ, ലെനിൻ പുഴയ്ക്കൽ, വിജേഷിൻ്റെ ബന്ധുക്കളായ കെ.എ. ഗംഗാധരൻ, സി.കെ. സുനി കുമാർ എന്നിവരും സന്നിഹിതരായിരുന്നു.