ചാലക്കുടി: മേലൂരിലെ പൂലാനിയെ കാർന്നു തിന്നുന്ന ആഫ്രിക്കൻ ഒച്ചുകളെ തുരത്തുന്ന പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പൂലാനി ചെട്ടിത്തോപ്പ് ഭാഗത്തായിരുന്നു രാവിലെ വെയിൽ പരക്കുന്നതിന് മുമ്പുള്ള ദൗത്യം. തുരിശു ലായിനി കലർത്തിയ മിശ്രിതം ഒഴിച്ച് ഒച്ചുകളെ നശിപ്പിക്കലാണ് നടക്കുന്നത്. എന്നാൽ തുരിശിന്റെ അളവ് കുറഞ്ഞിടത്തെല്ലാം മണിക്കൂറുകൾ കഴിഞ്ഞിട്ടും ജീവൻ നഷ്ടപ്പെടാത്ത ഒച്ചുകളെ കണ്ടെത്തി.

ഒരു ലിറ്റർ വെള്ളത്തിൽ മൂന്നു ഗ്രാം തുരിശു ചേർത്താണ് കാർഷിക വിളകളിൽ അള്ളിപ്പിടിച്ചിരിക്കുന്ന ഒച്ചുകളുടെ മേൽ തളിച്ചത്. മതിലുകൾ, മരത്തടികൾ എന്നിവയിൽ അറുപതും പറമ്പുകളിലെ ഉപയോഗത്തിനും പത്തും ഗ്രാം വീതമാണ് തുരിശു വെള്ളത്തിൽ ലയിപ്പിച്ചത്. കൃഷി ഓഫീസർ ഷിസ ഉല്ലാസ്, അസി. ഹെൽത്ത് ഇൻസ്‌പെക്ടർ കെ.എം. മഞ്ചേഷ്, കൃഷി വികസന സമിതി പ്രവർത്തകരായ രവി മണ്ടത്ര, മഞ്ജുരാജ്, മധു തൂപ്രത്ത്, പഞ്ചായത്തംഗം ഇ.ആർ. രഘു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഒച്ചുകളെ തുരത്തൽ ദൗത്യം. അധികം വൈകാതെ മേലൂർ പഞ്ചായത്തിലാകെ വ്യാപിക്കുന്ന ഒച്ചുകളുടെ ആക്രണത്തെ ചെറുക്കുന്നതിന് ജനകീയ കൂട്ടായ്മ വേണമെന്ന് കർഷകൻ രവി മണ്ടത്ര പറഞ്ഞു.


............................


പൂലാനി ഭാഗത്ത് ഏക്കർ കണക്കിന് ഭൂമിയുള്ള റിസോർട്ടുകളും ഫാമുകളുമുണ്ട്. ഇവിടങ്ങളിൽ തമ്പടിച്ചിരിക്കുന്ന ഒച്ചുകളെ നശിപ്പിക്കുന്നതിന് നടപടികൾ ഉണ്ടാകണം

എസ്.മഞ്ജുരാജ് (ഒച്ചു നിവാരണ കർഷക സമിതി പ്രവർത്തകൻ)