ചാവക്കാട്: ഔഷധഗുണങ്ങളേറെയുള്ള രാമച്ചം കൃഷിയുടെ വിളവെടുപ്പ് ചാവക്കാട് മേഖലയിൽ തുടക്കം. തൃശൂർ, മലപ്പുറം ജില്ലകളുടെ അതിർത്തി പ്രദേശങ്ങളായ ചാവക്കാട് മുതൽ വെളിയങ്കോട് വരെയുള്ള തീരപ്രദേശങ്ങളിലാണ് രാമച്ചം കൂടുതലായി കൃഷിയിറക്കിയിട്ടുള്ളത്. ഏകദേശം 600 ഏക്കറോളം സ്ഥലത്താണ് രാമച്ചം കൃഷിയിറക്കിയിരിക്കുന്നത്.
പ്രദേശത്തെ ഇളകിക്കിടക്കുന്ന പൂഴിമണൽ രാമച്ചം കൃഷിക്ക് വളരെ അനുയോജ്യമാണ്. പാരമ്പര്യമായി രാമച്ചം കൃഷികളിൽ വ്യാപൃതരായവരാണ് ഇവിടുത്തെ കർഷകർ. ഇതര സംസ്ഥാന തൊഴിലാളികൾ അടക്കം നിരവധി പേർ ജോലി ചെയ്യുന്ന ഒരു തൊഴിൽ മേഖല കൂടിയാണിത്.
എന്നാൽ അടുത്തകാലത്ത് രാമച്ച കർഷകർക്ക് പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതും തൊഴിലാളികളുടെ വേതനം വർദ്ധിപ്പിച്ചതും തൊഴിലാളികളുടെ അഭാവവും മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. പരമ്പരാഗത രാമച്ച കർഷകർ കുലത്തൊഴിൽ വിട്ട് മറ്റു കാർഷിക തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുകയാണ്.
രാമച്ച കൃഷി ചെയ്തിരുന്ന സ്ഥലങ്ങളിൽ പലതും ഇപ്പോൾ കൊള്ളി, കൂർക്ക എന്നിവ കൃഷിയിറക്കിയിരിക്കുകയാണ്. ഇത്തരം കൃഷികൾക്ക് പൊതുവേ രാമച്ച കൃഷിയെ അപേക്ഷിച്ച് അധ്വാനഭാരവും പരിപാലനവും കുറവാണെന്ന് മാത്രമല്ല പണിക്കൂലിയും കുറവാണ്. ആവശ്യാനുസരണം വിളവെടുത്ത് ആവശ്യക്കാർക്ക് വിപണനം നടത്താമെന്നതാണ് കർഷകർ പറയുന്നത്.
രാമച്ച കൃഷിക്ക് സബ്‌സിഡി പോലുള്ള സഹായങ്ങൾ കർഷകർക്ക് നൽകി ഈ മേഖലയെ സംരക്ഷിക്കണമെന്നാണ് കർഷകരുടെ ആവശ്യം.