ചാലക്കുടി: മേലൂരിന്റെ പുഴയോരങ്ങൾക്ക് വൻ ഭീഷണി ഉയർത്തുന്ന ആഫ്രിക്കൻ ഒച്ചുകളെ നിർമാർജ്ജനം ചെയ്യൽ പഞ്ചായത്ത് ഭരണ സമിതിക്കും കൃഷി വകുപ്പിനും കനത്ത വെല്ലുവിളിയാകും. ആഴ്ചകളും, മാസങ്ങൾക്കൊണ്ടും നശിക്കുന്നതല്ല ആഫ്രിക്കൻ ഒച്ചുകളുടെ നീരാളിപ്പിടുത്തം.
ഒച്ചിനും ഇവയുടെ മുട്ടകൾക്കും മണ്ണിനടിയിൽ മൂന്നു വർഷങ്ങളോളം നശിക്കാതെ ഇരിക്കാനുള്ള കഴിവുണ്ട്. മണ്ണിലെ നനവ് അടക്കമുള്ള അനുകൂല ഘടകമുണ്ടായാൽ ഏതും സമയത്തും മുട്ടകൾ വിരിഞ്ഞ് ആയിരക്കണക്കിന് കുഞ്ഞുങ്ങൾ പുറത്തുവരും. ഒന്നോരണ്ടോ വട്ടം തുരിശു ലായിനി തെളിയിച്ച് മടങ്ങിയാൽ പ്രതിരോധ പ്രവർത്തനങ്ങൾ വൃഥാവിലാകും. പുറത്തുകാണുന്ന ഒച്ചുകളെ വകവരുത്തുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
മണ്ണിനടിയിലെ വില്ലന്മാരെ നശിപ്പിക്കുന്നതിന് സർക്കാർ തലത്തിൽ നിന്നും കൂടുതൽ ഇടപെടൽ ആവശ്യമാണ്. ഉപയോഗ രഹിതമായി കിടക്കുന്ന പൂലാനിയിലെ ഏക്കർ കണക്കിന് പ്രദേശത്ത് ഇവ ഒളിച്ചു കഴിയുന്നുണ്ട്. ഇവിടങ്ങളിലെ മണ്ണു കിളച്ചു മറിച്ചുള്ള പ്രവർത്തനങ്ങൾ ആവശ്യമാണ്. ഇത്തരം ഒരു പ്രയത്മാണ് വൈകാതെ പഞ്ചായത്ത് ലക്ഷ്യം വയ്ക്കുന്നതെന്ന് പ്രസിഡന്റ് എം.എസ്. സുനിത പറഞ്ഞു.
..........................
കാർഷിക സർവകലാശാലയിലെ ഗവേഷകർ നിർദ്ദേശിച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് ഇപ്പോൾ പൂലാനിയിൽ നടപ്പാക്കുന്നത്. മറ്റു പ്രതിരോധ പ്രവർത്തനങ്ങളും പരീക്ഷിക്കാൻ ആലോചനയുണ്ട്.
- കൃഷി ഓഫീസർ ഷിസ ഉല്ലാസ് പറഞ്ഞു.