ചാവക്കാട്: മാമാബസാർ പല്ലവി റോഡിൽ അടഞ്ഞുകിടന്ന വീട് കുത്തിത്തുറന്ന് ഒന്നേമുക്കാൽ ലക്ഷം രൂപ കവർന്നു. ആലാൻവീട്ടിൽ ബഷീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാക്കൾ അകത്തുകടന്നത്.

വീടിന്റെ മുകൾ നിലയിലെ അലമാരയിൽ ബാഗിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷണം പോയത്. ബഷീർ വിദേശത്തായതിനാൽ ഭാര്യ സഫിയയും, ഇളയ മകൾ ഷിംസിയുമാണ് സാധാരണ വീട്ടിൽ ഉണ്ടാകാറുള്ളത്. ഷിംസി എടപ്പാളിലുള്ള ഭർത്താവിന്റെ വീട്ടിലേക്ക് പോയതിനെ തുടർന്ന് കാട്ടൂരിലുള്ള മറ്റൊരു മകൾ ഷഫ്‌ന തിങ്കളാഴ്ച വൈകീട്ട് സഫിയെ കൂട്ടിക്കൊണ്ടു പോയിരുന്നു. ഇന്നലെ വൈകിട്ട് മൂന്നോടെ സഫിയ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

സഫിയ കാണുമ്പോഴും മുൻവശത്തെ വാതിൽ അടഞ്ഞുകിടക്കുന്ന രീതിയിൽ തന്നെയായിരുന്നു കിടന്നിരുന്നത്. എന്നാൽ വാതിലിന്റെ ഇരട്ടപൂട്ട് തകർത്ത നിലയിലാണ്. വീടിന്റെ പിൻവശം വഴിയാണ് മോഷ്ടാക്കൾ ആദ്യം അകത്തുകടക്കാൻ ശ്രമിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. എന്നാൽ പിൻവശത്ത് ഗ്രില്ലും, വാതിലും ഒക്കെയുള്ളതിനാൽ ഈ ശ്രമം ഉപേക്ഷിച്ച് മുൻവശത്തെ വാതിൽ തന്നെ കുത്തിത്തുറന്ന് അകത്തുകടന്നെന്നാണ് പൊലീസിന്റെ അനുമാനം.

ബാങ്കിലെ വായ്പ അടയ്ക്കാൻ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടതെന്ന് ബഷീറിന്റെ മകൾ ഷഫ്‌ന പറഞ്ഞു. വീട്ടിലെ അലമാരകളിലെ സാധനങ്ങളെല്ലാം വലിച്ച് വാരിയിട്ട നിലയിലാണ്. വീടിന്റെ താഴത്തെ നിലയിലെ അലമാരയിൽ വസ്ത്രങ്ങൾക്കിടയിൽ പത്ത് പവനോളം ആഭരണങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇത് നഷ്ടപ്പെട്ടിട്ടില്ല.

ഈ അലമാരയും തുറന്ന് സാധനങ്ങൾ വലിച്ച് വാരിയിട്ടെങ്കിലും ആഭരണം തുണികൾക്കിടയിലായതിനാൽ മോഷ്ടാക്കളുടെ ശ്രദ്ധയിൽപെട്ടില്ല. ചാവക്കാട് എസ്.എച്ച്.ഒ അനിൽകുമാർ ടി. മേപ്പിള്ളി, എസ്.ഐമാരായ യു.കെ ഷാജഹാൻ, ഒ.പി അനിൽ കുമാർ എന്നിവരടങ്ങുന്ന പൊലീസ് സംഘം സ്ഥലത്തെത്തി.